ഇടുക്കി: വയോജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വയോജന കൂട്ടായ്മയും ചര്‍ച്ചയും ഉപകരിക്കുമെന്നും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി വകുപ്പ് കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വയോജനങ്ങള്‍ സന്തോഷവും ആവശ്യങ്ങളും നിരത്തി. കോവിഡ് പ്രതിരോധത്തില്‍ സിഡിഎസ് നല്ല പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും ഭാഗത്തു നിന്നുണ്ടായ കുരതലിലും അവര്‍ നന്ദി അറിയിച്ചു. വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ മുഗണന ലഭിക്കുവാനും കിടപ്പു രോഗികള്‍ക്ക് കോവിഡ് കാലത്ത് മരുന്ന് വീട്ടില്‍ ലഭിച്ചതുപോലെ തുടര്‍ന്നും ലഭിക്കുന്നത് നല്ലതായിരിക്കുമെന്നും വയോജകര്‍ പറഞ്ഞു. വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷ വേഗത്തില്‍ പരിഗണിക്കണം. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കണം. രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കളെ നേര്‍വഴിക്കു നടത്താന്‍ സംവിധാന ഉണ്ടാകണം. ആഹാരവും മരുന്നും മാത്രമല്ല നല്ല സംസാരവും, സംസര്‍ഗവും, സാന്ത്വനവുമാണ് മക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും വയോജനങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി.ജെ ബിനോയ് മോഡറേറ്ററായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിഡിഎസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ച് കരുതലോടെ കേട്ടത് നല്ല അനുഭവമായി വയോജനങ്ങള്‍ പ്രതികരിച്ചു.