തൃശൂര്‍: ചാവക്കാട് നഗരസഭ നല്‍കുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ ഹരിതകര്‍മ്മസേനയുടെ പ്രിവിലേജ് കാര്‍ഡ്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് നഗരസഭ തയ്യാറാക്കിയ യൂസര്‍ ഫീ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തത്. നഗരസഭയിലെ മുഴുവന്‍ വീടുകളിലേക്കും ഹരിതകര്‍മ്മസേനയുടെ വാതില്‍പ്പടി ശേഖരണ സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കാര്‍ഡ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ നഗരസഭയിലെ പ്രിവിലേജ് കാര്‍ഡിനര്‍ഹരായവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. മുഴുവന്‍ വീട്ടുകാരും പ്രിവിലേജ് കാര്‍ഡ് കൈപ്പറ്റി ഹരിതകര്‍മ്മസേനയുമായി സഹകരിക്കണമെന്നും ഭാവിയില്‍ നഗരസഭ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും പ്രിവിലേജ് കാര്‍ഡ് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നുംചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

അജൈവ പാഴ്‌വസ്തു ശേഖരണം കുറ്റമറ്റതാക്കാനും യൂസര്‍ ഫീ ശേഖരണം ഉറപ്പ് വരുത്താനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് ഗ്രീന്‍കാര്‍ഡ് സംവിധാനം. ഗോള്‍ഡന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് യൂസര്‍ ഫീ 100 രൂപയും സില്‍വര്‍ പ്രിവിലേജ് കാര്‍ഡിന് 50 രൂപയും ഇളവ് ലഭിക്കും. പ്ലാസ്റ്റിക് മാലിന്യം പാഴ്‌വസ്തുക്കള്‍, ഇ-മാലിന്യ ശേഖരണം എന്നിവ മാസംതോറും അല്ലെങ്കില്‍ വര്‍ഷത്തില്‍ എന്ന കണക്കില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കും. വീടുകള്‍ക്ക് ചാക്ക് ഒന്നിന് പ്രതിമാസം 60 രൂപ സ്ഥാപനങ്ങള്‍ക്ക് 100 രൂപ മുതലാണ് യൂസര്‍ ഫീ നിരക്ക്. ചാവക്കാട് നഗരസഭയിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്‌കരിക്കുകയാണ് ഇവരുടെ ചുമതല. കൃത്യമായ ഇടവേളകളില്‍ മാലിന്യം സ്വീകരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയും ഇവിടെ നിന്ന് അവ തരം തിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയിലേക്ക് അയക്കുക എന്നതുമാണ് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനരീതി. വര്‍ഷംതോറും ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഇത്തരത്തില്‍ ഹരിതകര്‍മ്മസേന മുഖേന ചാവക്കാട് നഗരസഭയില്‍ നിന്ന് നീക്കം ചെയ്യുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ എ വി മുഹമ്മദ് അന്‍വര്‍, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ എം ആര്‍ രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഷെമീര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു.