മലപ്പുറം :പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ വിമുക്തമാക്കുന്നവര്‍ക്കും നാടിന്റെ ശുചീകരണം ഉറപ്പുവരുത്തുന്നവര്‍ക്കും ആദരം നല്‍കി പൊന്നാനി നഗരസഭ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഹരിത കര്‍മ്മ സേനാംഗങ്ങളെയും പാഴ് വസ്തു വ്യാപാരികളെയും നഗരസഭ ആദരിച്ചത്. നാടിനെ മാലിന്യ മുക്തമാക്കുന്നതിന് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിലൂടെ പുതിയ ഒരു മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ആഭിമുഖ്യത്തില്‍ നഗരസഭകളിലെ ശുചിത്വ മേഖലയില്‍ നടപ്പിലാക്കുന്ന പരിപാടിയാണ് ആസാദി കാ അമൃത് മഹോത്സവം. പൊന്നാനി നഗരസഭയില്‍ സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് പൊന്നാനി ബീച്ച് റോഡില്‍ പൊതുജന പങ്കാളിത്തത്തോടെ മാസ് ക്ലീനിങ് നടത്തി പരിപാടിക്ക് സമാപനം കുറിക്കും.

നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുമോദന യോഗം ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേനാംഗങ്ങളെയും പാഴ് വസ്തു വ്യാപാരിയും കൗണ്‍സിലറുമായ എ.അബ്ള്‍ സലാം, പാഴ് വസ്തു വ്യാപാരിയായ അബ്ദു റഹിമാന്‍ എന്നിവരെ ചെയര്‍മാന്‍ ആദരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായ ഷീനാസുദേശന്‍ അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ വി.പി പ്രബീഷ്, സവാദ്, സി.വി സുധ, റീനാപ്രകാശന്‍, നസീമ, ശുചിത്വമിഷന്‍ ജില്ലാ റിസോഴ്‌സസ് പേഴ്‌സണ്‍ തറയില്‍ ബാലകൃഷ്ണന്‍, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹുസൈന്‍, സുഷ തുടങ്ങിയവര്‍ പങ്കെടുത്തു.