പാലക്കാട്‌: തൃത്താലയില്‍ ഐ.ടി.ഐ ആരംഭിക്കുന്നതിന് നാഗലശേരിയില്‍ കണ്ടെത്തിയ താത്കാലിക കെട്ടിടം നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. തിയറി ക്ലാസ്സുകള്‍ നടത്തുന്നതിന് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലുള്ള തൃത്താല കോ-ഓപ്പറേറ്റീവ് കോളേജ് കെട്ടിടവും വര്‍ക് ഷോപ്പുകള്‍ക്കായി പഞ്ചായത്തിന്റെ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ കെട്ടിടവും താത്ക്കാലികമായി പ്രയോജനപ്പെടുത്താനാണ് തീരുമാനം’. ഇതിനായുള്ള പ്രാഥമിക സമ്മതപത്രം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതായി സ്പീക്കര്‍ പറഞ്ഞു. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണ്.

ഐ.ടി.ഐ ക്കായുള്ള സ്ഥിരം ക്യാംപസ് ആരംഭിക്കുന്നതിനായി വാവനൂരിലെ 1.7 ഏക്കര്‍ സ്ഥലം വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും സ്പീക്കര്‍ പറഞ്ഞു.

കോ-ഓപ്പറേറ്റീവ് കോളേജ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ വി.കെ. ചന്ദ്രന്‍, മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണി, നാഗലശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.ബാലചന്ദ്രന്‍, പി.എന്‍. മോഹനന്‍, ഡയറക്ടര്‍മാരായ ശാരദ, മുഹമ്മദ്, പ്രിന്‍സിപ്പാള്‍ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.