പാലക്കാട്‌: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ മികവുറ്റതാക്കാനും ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനുമായി ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു. ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവങ്ങള്‍, അവലോകനങ്ങള്‍ എന്നിവ ആപ്പിലൂടെ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും. രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും അവലോകനങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാവര്‍ക്കും കാണാന്‍ സാധിക്കും.

ജില്ലാ കലക്ടര്‍മാര്‍ക്കാണ് ആപ്പിന്റെ നിരീക്ഷണ ചുമതല. പാലക്കാട് സബ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിംഗാണ് ജില്ലയുടെ നോഡല്‍ ഓഫീസര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘എന്റെ ജില്ല’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ആപ്പ് ഉപയോഗിക്കാം. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാന്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ അവ വെളിപ്പെടുത്തൂ.