കോട്ടയം: പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ പൗരാവകാശ രേഖ തയാറാക്കി ഈ മാസം എല്ലാ വീടുകളിലും എത്തിക്കാനൊരുങ്ങുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. 136 പേജുള്ള പുസ്തകത്തിൽ എഴുപതിലധികം സേവനങ്ങളുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി 5000 കോപ്പികൾ പ്രസിദ്ധീകരിച്ച് ഹരിതകർമ്മ സേന മുഖേന സൗജന്യമായി വീടുകളിൽ എത്തിക്കും. പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഉൾപ്പെടുത്തും.
ഗ്രാമപഞ്ചായത്തിൽ നിന്നു ലഭിക്കുന്ന വിവിധ സേവനങ്ങൾ, അപേക്ഷകൾ, ഇ-ഫയലിംഗ് ചെയ്യുന്ന വിധം, ഘടക സ്ഥാപനങ്ങളായ കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, ആയുർവേദ – ഹോമിയോ ആശുപത്രികൾ, വില്ലേജ് ഓഫീസ്, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ, സേവനം ലഭ്യമാക്കുന്ന സമയപരിധി, വെബ് സൈറ്റുകൾ, ഇ-മെയിൽ വിലാസങ്ങൾ, പ്രധാന ഫോൺ നമ്പറുകൾ, അപേക്ഷാ ഫോറങ്ങൾ, അപേക്ഷയോടൊപ്പം അനുബന്ധമായി ചേർക്കേണ്ട രേഖകളുടെ വിവരങ്ങൾ തുടങ്ങിയവ പൗരാവകാശ രേഖയിലുണ്ട്.
ഹരിതകർമ്മ സേനയുടെ പാഴ്‌വസ്തു ശേഖരണ കലണ്ടറും കൂടി ഉൾപ്പെടുത്തിയാണ് പൗരാവകാശരേഖ തയാറാക്കിയിരിക്കുന്നത്. എല്ലാ വർഷവും പൗരാവകാശ രേഖ പസിദ്ധീകരിക്കാറുണ്ടെങ്കിലും സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കുന്നത് ആദ്യമാണ്.