പാലക്കാട്: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഭവന നിർമ്മാണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാമെന്ന് വകുപ്പ് ഡയറക്ടർ അറിയിച്ചു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിംഗ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകൾക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ/ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വയർഫീറ്റ് കവിയരുത്. അപേക്ഷക ഏക വരുമാനദായക ആയിരിക്കണം. ബിപിഎൽ കുടുംബത്തിനു മുൻഗണന. അപേക്ഷകയ്ക്കോ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളികൾനേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.
സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽനിന്ന് നിന്നോ ഇതിനു മുൻപ് പത്തുവർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
2021 – 22 സാമ്പത്തികവർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീത് പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം നൽകണം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ അതാത് ജില്ലാ കലക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കലക്ടറേറ്റിൽ തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോറം www.minoritywelfare.kerala.gov.in ൽ ലഭിക്കും.