കോഴിക്കോട്: ലോക സെറിബ്രല്‍ പാള്‍സി ദിനാചരണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കോഴിക്കോട് ബീച്ചില്‍ ‘കരകാണാകടല്‍ കലക്ടറോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, നാഷണല്‍ ട്രസ്റ്റ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടത്തോടൊപ്പം സമൂഹവും ഇറങ്ങണമെന്ന് ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. പരിപാടിയില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിവിധതരം വീല്‍ ചെയറുകള്‍, പാഡുകള്‍, മാഗ്‌നറ്റിക് നയില്‍ കട്ടര്‍ തുടങ്ങിയ ഒട്ടെറെ ഉപകരണങ്ങളുടെ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. കടല്‍ തീരത്തിറങ്ങി ആവുവോളം ആസ്വാദിച്ചാണ് കുട്ടികള്‍ വീടുകളിലേക്ക് മടങ്ങിയത്.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി ഷൈജല്‍, സി.ആര്‍.സി ഡയറക്ടര്‍ റോഷന്‍ ബിജിലി, ലോ ഓഫിസര്‍ സലിം പര്‍വീസ്, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി സിക്കന്തര്‍, മെംബര്‍ ഡോ. പി.ഡി ബെന്നി, കോഴിക്കോട് പരിവാര്‍ സെക്രട്ടറി തെക്കയില്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.