കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് മിനി ആഡിറ്റോറിയത്തില്‍ കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ പഴിച്ച് നിക്ഷേപകരെ അകറ്റാന്‍ ഇനിയാര്‍ക്കും കഴിയില്ല. തൊഴില്‍ മേഖലയിലെ അരാജക പ്രവണതകള്‍ നിയമംമൂലം തടയാന്‍ സര്‍ക്കാരിന് സാധിച്ചു. തൊഴിലാളി-തൊഴിലുടമാ ബന്ധം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം യാഥാര്‍ത്ഥ്യമായി.
സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ള സര്‍ക്കാരിന്റെ തൊഴില്‍ നയത്തില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പുവരുത്താന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും വ്യക്തിമാക്കിയിട്ടുമുണ്ട്.
തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കുന്നതിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അഭിമാനകരമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചത്. മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധി അംഗങ്ങളാക്കാന്‍ നടപടി ഉണ്ടാവണം. ക്ഷേമനിധി അംശദായം കാലോചിതമായി പരിഷ്‌കരിക്കണമെന്നും ആനൂകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാകും – മന്ത്രി പറഞ്ഞു.
എം.നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മുന്‍ മന്ത്രി പി.കെ. ഗുരുദാസന്‍, ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍ നായര്‍, ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബീനാ മോള്‍ വര്‍ഗീസ്, ഭരണസമിതി അംഗങ്ങള്‍, വ്യാപാര, വ്യവസായ സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും ഭാരവാഹികള്‍ തുങ്ങിയവര്‍ പങ്കെടുത്തു.