ലോക മാനസികാരോഗ്യ ദിനത്തിൽ മനസ്സിനും ശരീരത്തിനും ഉണർവ്വേകാൻ ഓപ്പൺ ജിംനേഷ്യം ഒരുങ്ങി. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആരോഗ്യ വകുപ്പിൻ്റെ 2019-20 പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം സജ്ജമാക്കിയത്. ജില്ലയിൽ ഓപ്പൺ ജിം സ്ഥാപിക്കുന്ന ആദ്യത്തെ സാമൂഹികാരോഗ്യ കേന്ദ്രമാണ് മേപ്പാടി. പൊതുജനങ്ങൾക്കും, സി.എച്ച്.സി ജീവനക്കാർക്കും ഒഴിവു സമയങ്ങളിൽ ജിം ഉപയോഗിക്കാവുന്നതാണ്.
ലഘുവ്യായാമത്തിന് സഹായിക്കുന്ന അഞ്ച് യന്ത്രങ്ങളാണ് സി.എച്ച്.സി പരിസരത്ത് സ്ഥാപിച്ചിട്ടുള്ളത്.
പൂർണ്ണ ശരീര പരിശോധന നടത്തുന്നതിനായി എൻ.സി.ഡി കിയോസ്കും സി.എച്ച്.സിയിൽ തുടങ്ങിയിട്ടുണ്ട്. പൾസ് റേറ്റ്, ബ്ലഡ് പ്രഷർ, ബി.എം.ഐ, ബി.എം.ആർ, ബോഡി സർഫസ് ഏരിയ, വിഷൻ, ശരീര ഊഷ്മാവ്, എസ്.പി.ഒ2 (രക്തത്തിലെ ഓക്സിജൻ്റെ അളവ്), ഉയരം, ഭാരം തുടങ്ങിയവ ഒരു മിനിറ്റിൽ അറിയാൻ കിയോസ്കിൽ സ്ഥാപിച്ച ഉപകരണത്തിലൂടെ സാധിക്കും. സി.എച്ച്.സിയിലെ ഒ.പി സമയങ്ങളിലാണ് കിയോസ്ക് പ്രവർത്തിക്കുക. മിതമായ നിരക്കിലാണ് ഇവിടെ പരിശോധന നടത്തുക.
ഓപ്പൺ ജിംനേഷ്യം, ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം എന്നിവ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. നസീമ നിർവ്വഹിച്ചു. എൻ.സി.ഡി കിയോസ്‌കിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ഡി.എം.വിംസ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ അമൃതം പൊടി ഉപയോഗിച്ച് തയ്യാറാക്കിയ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദർശനവും നടന്നു. ചടങ്ങിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓമന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റംല ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രാഘവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, എൻ.സി.ഡി നോഡൽ ഓഫീസർ പ്രിയ സേനൻ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. അംജിത് രാജീവൻ, മേപ്പാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പി.പി. ഷാഹിദ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റൻ്റ് സി. ബാലൻ, ജൂനിയർ കൺസൾട്ടൻ്റ് കെ.എസ്. നിജിൽ തുടങ്ങിയവർ പങ്കെടുത്തു.