മുങ്ങിമരണങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലായി സ്‌കൂള്‍തലത്തില്‍ നീന്തല്‍ പരിശീലനം തുടങ്ങുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജലസുരക്ഷാ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സുരക്ഷ മുന്‍നിറുത്തി ശാസ്ത്രീയ പദ്ധതികളും ആധുനിക സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജലസുരക്ഷ അവബോധം ലക്ഷ്യമാക്കിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്യാമ്പയിന്‍ നടത്തുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പറഞ്ഞു.
ഹ്രസ്വ ചിത്രങ്ങളിലൂടെ ബോധവത്കരണം, പ്രാഥമിക ശുശ്രൂഷാ പരിശീലനം, സ്‌കൂള്‍തലത്തില്‍ അവബോധ പരിപാടികള്‍, പൊലിസുമായി ചേര്‍ന്ന് നിയമ നടപടികള്‍, അപകമേഖലയിലെ വിനോദസഞ്ചാര നിരീക്ഷണം, തദ്ദേശ സ്ഥാപനങ്ങള്‍ വഴി നീന്തല്‍ കുളം നിര്‍മാണം, പരിശീലനം തുടങ്ങിയവയാണ് നടപ്പിലാക്കുക.

ഫയര്‍ ഓഫീസര്‍ പി .കെ. റെജിമോന്‍ ജലസുരക്ഷയെ കുറിച്ച് ക്ലാസ്സ് എടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ദുരന്തനിവാരണ അതോറിറ്റി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ജോ ജോണ്‍ ജോര്‍ജ്, എ. ഡി. എം. എന്‍. സാജിത ബീഗം, സൂപ്രണ്ട് സന്തോഷ് കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കൊല്ലം എസ്. എന്‍. കോളേജ് , ടി.കെ.എം എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.