സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡി.എസ്.സി (ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്) സെന്ററില്‍ നിന്നെത്തിയ സേന ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തുന്നതിനാണ് 29 പേരടങ്ങുന്ന സേന ജില്ലയിലെത്തിയത്. കല്‍പ്പറ്റ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍, പനമരം ട്രൈബല്‍ കോളനികള്‍, ക്യാമ്പ് തുടങ്ങാന്‍ സാധിക്കുന്ന സ്‌കൂളുകള്‍ എന്നിവിടങ്ങളിലായിരുന്നു സേനയുടെ സന്ദര്‍ശനം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ പരിചയപ്പെടുന്നതിനും, മാറ്റിപ്പാര്‍പ്പിക്കേണ്ടതായ കോളനികള്‍ പരിശോധിക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. വില്ലേജ് ഓഫീസര്‍, ഫയര്‍ ഓഫീസര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു സന്ദര്‍ശനം. നിലവില്‍ സേന താമസിക്കുന്ന മീനങ്ങാടി ഡി.ടി.പി.സി സെന്ററില്‍ മോക്ക്ഡ്രില്ലും നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനമായാണ് മോക്ക്ഡ്രില്‍ നടത്തിയത്. കഴിഞ്ഞ ദിവസം സേന മേധാവി ലഫ്. കേണല്‍ ദീപക് ശ്രീവാസ്തവ ജില്ലാ കളക്ടര്‍ എ. ഗീതയുമായി കൂടിക്കാഴ്ച്ച നടത്തുകയും, ജില്ലയിലെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
