കഴിഞ്ഞ ദിവസം കടലില്‍ കാണാതായ പൊന്നാനിയിലെ മത്സ്യ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. റവന്യു, പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരുടെയും, കാണാതായ വരുടെ കുടുംബാംഗങ്ങള്‍, മത്സ്യതൊഴിലാളി പ്രതിനിധികള്‍, ബോട്ട് ഉടമകള്‍ എന്നിവരുടെ സംയുക്ത യോഗമാണ് ചേര്‍ന്നത്. പി.നന്ദകുമാര്‍ എം.എല്‍.എ യുടെനിര്‍ദേശത്തിനടിസ്ഥാനത്തിലായിരുന്നുയോഗം.കാണാതായമത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാനും ആവശ്യമായ സഹായം സര്‍ക്കാരുകളില്‍ നിന്നും ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. തെരച്ചില്‍ നടത്തുന്ന ബോട്ടുകള്‍ക്ക് ഒരു ദിവസത്തെ ഇന്ധന ചെലവിനുള്ള തുക സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കണ്ടെത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അറിയിച്ചു.

പൊന്നാനി ഹാര്‍ബര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ആര്‍.ഡി.ഒ സുരേഷ്, ഡി.വൈ.എസ്.പി ബെന്നി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്ര, പൊന്നാനി തഹസില്‍ദാര്‍ സുരേഷ് കുമാര്‍, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.