ജില്ലയിലെ വിവിധ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രദേശത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും, കാഞ്ഞിരപ്പുഴയിൽ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച്  ആലോചിക്കുന്നതിനുമായി എറിയാട്  പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തിൽ പഞ്ചായത്ത് നിവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കികൊണ്ട് അനൗണ്‍സ്മെന്‍റ് നടത്തുന്നതിനും, വെള്ളം ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ  താമസിക്കുന്ന കോവിഡ് രോഗികള്‍, കിടപ്പ് രോഗികള്‍ തുടങ്ങിയവര്‍ക്ക് അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ലിസ്റ്റ് ചെയ്ത് അടിയന്തര ഘട്ടത്തില്‍ സഹായം നല്‍കുന്നതിനും തീരുമാനിച്ചു.

നിലവിൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍, മേനോന്‍ ബസാര്‍, ഐ.എം.യു.പി.എസ്  അഴീക്കോട്, ജി.കെ.വി.എച്ച്.എസ് എറിയാട് എന്നിവടങ്ങളില്‍ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

കോവിഡ് രോഗികളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യത്തില്‍  ഡി.സി.സി ഉപയോഗപ്പെടുത്തുന്നതിനും വാര്‍ഡ് സമിതികള്‍ , ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ എന്നിവര്‍ സജീവമായി രംഗത്തിറങ്ങുന്നതിനാവശ്യമായ തീരുമാനങ്ങള്‍ യോഗത്തിൽ കൈക്കൊണ്ടു. പഞ്ചായത്ത് പ്രസിഡന്‍റ് കെ പി രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്ഫല്‍, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രസീന റാഫി, സ്ഥിരം സമിതി അധ്യക്ഷമാരായ പി കെ അസിം, അംബിക ശിവപ്രിയന്‍, നജ്മല്‍ ഷക്കീര്‍ , മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.