ജില്ലയിൽ വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് കൂടുതൽ പേരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റും. മഴയക്കെടുതി- പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചിലയിടങ്ങളിൽ ജനങ്ങൾ മാറിതാമസിക്കാൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ കൂടി ഇടപെട്ട് അവരെ മാറ്റി പാർപ്പിക്കും.

വെള്ളം കയറി നിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി ജനങ്ങൾ തിങ്ങിക്കൂടുന്ന അവസ്ഥ ഒഴിവാക്കണം. ക്യാമ്പുകളിൽ ഭക്ഷണം, മരുന്നുകൾ എന്നിവ യഥാസമയം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിലും ക്യാമ്പുകളിലും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പോലീസിനെ നിയോഗിക്കും.

അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. പൂർണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ച വീടുകളുടെ പട്ടിക തയ്യാറാക്കി വരികയാണ്. വില്ലേജ് ഓഫീസർമാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സബ് കലക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തഹസിൽദാർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.