സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയ്യാറാക്കുവാന്‍ നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്റര്‍മാരായി സന്നദ്ധപ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുതലത്തില്‍ എന്യുമറേറ്ററായി പ്രവര്‍ത്തിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുക. എം എസ് ഡബ്‌ള്യു, ഹ്യുമാനിറ്റീസ് മുതലായ സാമൂഹിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് വിഷയങ്ങളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ക്കും യുവജനങ്ങള്‍ക്കും തങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താം.

എന്യുമറേറ്റര്‍മാര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു.