എറണാകുളം: കളക്ടറേറ്റിൽ വ്യാഴാഴ്ച നടന്ന ജില്ലാതല ഫയൽ അദാലത്തിൽ ഇതുവരെ 2949 ഫയലുകൾ തീർപ്പാക്കി. ആകെ 6887 ഫയലുകളാണ് അദാലത്തിൽ പരിഗണിച്ചത്. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 649 ഫയലുകൾ പരിഗണിച്ചതിൽ 189 എണ്ണം തീർപ്പാക്കി. ദുരന്തനിവാരണ വിഭാഗത്തിൽ 120 ഫയലുകളിൽ 120 എണ്ണവും എസ്റ്റാബ്ലിഷ്മെന്റിൽ 181 എണ്ണവും തീർപ്പാക്കിയതിൽ ഉൾപ്പെടും. ഫിനാൻസിൽ 326 ഫയലുകളും ഇൻസ്പെക്ഷനിൽ 30 ഫയലുകളും ലാൻഡ് റെക്കോർഡ്സിൽ 1816 ഫയലുകളും ലാൻഡ് അക്വിസിഷനിൽ 25 ഫയലുകളും മജിസ്റ്റീരിയൽ വിഭാഗത്തിൽ 95 ഫയലുകളും റവന്യൂ റിക്കവറി വിഭാഗത്തിൽ 167 ഫയലുകളും ആണ് തീർപ്പാക്കിയത്. 3938 ഫയലുകളാണ് ഇനി പൂർത്തിയാക്കാൻ ഉള്ളത്. ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് കളക്ടറേറ്റ് വിഭാഗം അറിയിച്ചു. ഒക്ടോബർ ആദ്യവാരമാണ് കളക്ടറേറ്റിൽ ഫയൽ അദാലത്ത് ആരംഭിച്ചത്. എഡിഎം എസ്.ഷാജഹാൻ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവർ നേതൃത്വം നൽകി.