അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘നമ്മ ഉസ്‌കൂള്ക്ക്’ മാനസിക ആരോഗ്യ ക്യാമ്പയിന് തുടക്കമായി. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കുക, പഠനത്തിലെ കൊഴിഞ്ഞു പോക്ക് തടയുകയുകയാണ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനം ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വേലമ്മ അധ്യക്ഷയായി. 94 ബ്രിഡ്ജ്കോഴ്‌സ് സെന്ററുകളിലായി ഇന്നുമുതല്‍ (ഒക്ടോബര്‍ 26) 2460 കുട്ടികള്‍ പരിപാടിയുടെ ഭാഗമാകും. വിവിധ ഊരുകളിലായി നടക്കുന്ന പരിപാടിയില്‍ ജന പ്രതിനിധികള്‍, ഊര് മൂപ്പന്‍, പഞ്ചായത്ത് സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 30 ന് ക്യാമ്പയിന്‍ അവസാനിക്കും.
ബാലവിഭവ കേന്ദ്രം കോര്‍ഡിനേറ്റര്‍ സുധീഷ് മരുതളം, ഊര് സമിതി പ്രസിഡന്റ് ലക്ഷ്മി, ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന, ഊരുമൂപ്പന്‍ വെള്ളിങ്കിരി, ബ്രിഡ്ജ് സ്‌കൂള്‍ സോഷ്യല്‍ വര്‍ക്കര്‍ ബിനില്‍, അനിമേറ്റര്‍ ശാന്തമണി, ടീച്ചര്‍മാരായ ജയന്തി, ഹരിപ്രിയ എന്നിവര്‍ പങ്കെടുത്തു.