കനത്ത മഴയെ തുടര്‍ന്ന് ഡെങ്കി, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പകരുന്നത് പ്രതിരോധിക്കാന്‍ ഒരാഴ്ചയ്ക്കകം ജില്ലയിലെ എല്ലാ വാര്‍ഡ് തല ശുചിത്വ സമിതികളും യോഗം ചേരണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള ജില്ലാതല സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് തുടര്‍ യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംവിധാനം ഉപയോഗിച്ച് ഒരാഴ്ചക്കാലം പൊതു ഇടങ്ങളും പൊതുസ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെയോഗം വിളിച്ചു ചേര്‍ക്കും. യൂത്ത് ക്ലബുകളുടെ പിന്തുണയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പു വരുത്തും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മൈക്രോ ഫൈലേറിയ കൂടിവരുന്നതിനാല്‍ ലേബര്‍ ഓഫീസുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനമായി. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ലേബര്‍ ഓഫീസും ചേര്‍ന്ന് നൈറ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ ഒരുക്കും.

അതത് പ്രദേശത്തെ യൂത്ത് ക്ലബ്ബുകളെക്കൂടി ശുചീകരണത്തിന്റെ ഭാഗമാക്കും. എലിപ്പനിയും ഡങ്കിപ്പനിയും വ്യാപകമാകുന്നത് തടയാന്‍ എലി, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. ഓടകള്‍, കനാലുകള്‍, ജലസംഭരണികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി ജലം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കും. മാലിന്യത്താല്‍ അടഞ്ഞുപോയ ഓടകളിലേയും കനാലുകളിലേയും മറ്റും മാലിന്യം നീക്കം ചെയ്യും. മാലിന്യ മുക്ത അയല്‍ക്കൂട്ട കുടുംബ പരിസരം ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. പൊതു ജലാശയത്തിലോ ജലമാര്‍ഗത്തിലോ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ല്‍ പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും ഇത് തുടര്‍ന്ന് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ മലേറിയ ഓഫീസര്‍ വി. സുരേശന്‍ വിഷയം അവതരിപ്പിച്ചു. സ്‌പെഷ്യല്‍ ഡിവൈ.എസ്.പി സുധാകരന്‍, ഡി.എം.ഒ ആരോഗ്യം ഇ. മോഹനന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.