നോക്കുകൂലി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

‘ചെയ്യാത്ത ജോലിക്ക് കൂലി
ആവശ്യപ്പെടുന്നത് കുറ്റകരം’

കോട്ടയം: തൊഴിൽ വകുപ്പിന്റേയും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ നടത്തുന്ന നോക്കുകൂലി വിരുദ്ധ പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വ്യാപാര ഭവൻ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.
ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) പി.ജി. വിനോദ് കുമാർ വിശദമാക്കി.
നോക്കുകൂലിയ്ക്കെതിരേ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അമിത കൂലി ആവശ്യപ്പെടുന്നതും കുറ്റകരമാണ്. അതാത് ജില്ലകളിലെ ഏകീകൃത കൂലി പട്ടിക അടിസ്ഥാനമാക്കി മാത്രം കയറ്റിറക്ക് കൂലി നൽകിയാൽ മതിയാകും. എല്ലാ തൊഴിലാളികളും നിർബന്ധമായും ജോലി സമയത്ത് തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാൽ അധിക നിരക്ക് ഈടാക്കിയാൽ ജില്ലാ ലേബർ ഓഫീസർമാർക്ക് പരാതി നൽകാം. ഇത്തരത്തിൽ വാങ്ങുന്ന തുക റവന്യൂ റിക്കവറി വഴിയോ ക്ഷേമനിധി ബോർഡ് മുഖേനയോ തിരിച്ച് ഈടാക്കാനും സംവിധാനമുണ്ട്. തൊഴിൽ രംഗത്ത് നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കി സൗഹാർദ്ദപരമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കേണ്ട ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
തൊഴിൽ സംബന്ധമായ നിയമവിരുദ്ധ പ്രവണതകൾക്ക് എതിരേ 155214,180042555214 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ പരാതി അറിയിക്കാം.
ജില്ലാ ലേബർ ഓഫീസർ (ജനറൽ) വി.ബി. ബിജു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർ നോക്കു കൂലി വിരുദ്ധ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം വേതനം നേടിയ തൊഴിലാളി മംഗൾഘോഷിന് ബോർഡ് നൽകുന്ന ക്യാഷ് അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. പാലാ കുറവിലങ്ങാട് പൂൾ നമ്പർ 30 ലെ രജിസ്ട്രേഡ് തൊഴിലാളിയാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ മംഗൾഘോഷ്.

ഡെപ്യൂട്ടി ലേബർ ഓഫീസർ എം. ജയശ്രീ, അക്കൗണ്ട്സ് ഓഫീസർ പി.ആർ. ഉഷാകുമാരി, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ജില്ലാ കമ്മറ്റി അംഗങ്ങൾ, ഉപസമിതി അംഗങ്ങൾ എന്നിവർ പരിപാിടിയിൽ പങ്കെടുത്തു.