കോട്ടയം: ഭാഗ്യക്കുറി ടിക്കറ്റുകളുടെ അനധികൃത ലോട്ടറി വില്പന പിടികൂടുന്നതിന് കോട്ടയം ജില്ലയിലെ വിവിധ ലോട്ടറി വിപണന കേന്ദ്രങ്ങളിൽ ഭാഗ്യക്കുറി വകുപ്പ് മിന്നൽ പരിശോധന നടത്തി.
ചങ്ങനാശ്ശേരി, കാഞ്ഞിരപ്പളളി, പൊൻകുന്നം, പാലാ, ഈരാറ്റുപേട്ട, കിടങ്ങൂർ, വൈക്കം, കടുത്തുരുത്തി, തലയോലപ്പറമ്പ്, പെരുവ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ ഒരേ പോലെ വരുന്ന 12 ലധികം ടിക്കറ്റുകളുടെ ഒരുമിച്ച് വിൽപന നടത്തുന്നുണ്ടോയെന്നും ടിക്കറ്റുകളിൽ ഏജൻസി സീൽ പതിപ്പിക്കാതെ നവ മാധ്യമങ്ങളിലൂടെയുളള ലോട്ടറി വിൽപന നടത്തുന്നുണ്ടോയെന്നും പരിശോധിച്ചു.
ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്. അനിൽകുമാർ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ മധുസൂദനകൈമൾ, ജൂനിയർ സൂപ്രണ്ട് വി.ബി. സന്തോഷ്, ജീവനക്കാരായ വിനോദ് സിറിയക്, ജോസ് ജോസഫ് എന്നിവരും പരിശോധയിൽ പങ്കെടുത്തു.
അനധികൃത വിപണന രീതികൾ അവലംബിക്കുന്നവരുടെ ഏജൻസി റദ്ദാക്കുന്നതുൾപ്പെടെയുളള നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.
അനധികൃത ലോട്ടറി വിൽപന സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 18004258474 എന്ന ടോൾഫ്രീ നമ്പറിലൂടെയോ, www.statelottery.kerala.gov.in എന്ന വെബ് സൈറ്റിലൂടെയോ അറിയിക്കാം.