ഉത്സവങ്ങളില്‍ നടത്തുന്ന ആനകളുടെ എഴുന്നള്ളിപ്പ് സമയക്രമം പാലിക്കുന്നത് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. കേരള നാട്ടാന പരിപാലന ചട്ടം ജില്ലാ മോണിട്ടറിങ് സമിതി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള എഴുന്നള്ളിപ്പുകള്‍ക്ക് നിലവില്‍ നിയന്ത്രണമുണ്ട്. ഇത് കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ആനകള്‍ക്ക് നിലവില്‍ നല്കുന്ന സുഖചികിത്സ ശാസ്ത്രീയമാണോ എന്ന് പരിശോധിക്കാന്‍ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ മുതല്‍ മെയ് വരെ എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ച്ച ജില്ലാ മോണിട്ടറിങ് കമ്മറ്റി യോഗം ചേരാനും തീരുമാനിച്ചു. ആനകളുടെ പരിപാലനത്തില്‍ വീഴ്ച്ച വരുത്തിയ സംഭവങ്ങള്‍ ജില്ലയിലെ 3 പൂരങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുണ്ട്. ഈ സംഭവങ്ങളില്‍ കേസെടുക്കുകയും ഒരാനയെ പിടിച്ചെടുക്കുകയും ചെയ്തു. ഗുരുതരമായ നിയമലംഘനം നടത്തിയ 3 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. യോഗത്തില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധി എം.എന്‍. ജയചന്ദ്രന്, ജില്ലാ ആനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍ ഡോ. എം.ബി. പ്രദീപ്കുമാര്‍, കെ.ടി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
