സംസ്ഥാനത്തിന്റെ മൊത്തം കാര്‍ഷികോത്പാദനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പാലക്കാട് ജില്ലയിലെ സ്ഥിതിവിവരകണക്കുകള്‍ക്കും സര്‍വേകള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ വ്യക്തമാക്കി. വ്യത്യസ്ത വിളകള്‍, അപൂര്‍വങ്ങളായ വിളകള്‍, നശിച്ചുകൊണ്ടിരിക്കുന്ന വിളകള്‍ എന്നിവയുടെ സര്‍വേകള്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്്് വളരെ പ്രയോജനകരമാണ്. പദ്ധതി ആസൂത്രണത്തിനും വിലയിരുത്തലിനും കാര്‍ഷിക സ്ഥിതി വിവരകണക്കുകളെയാണ് വിവിധ വകുപ്പുകള്‍ ആശ്രയിക്കുന്നത്്. അതിനാല്‍ തന്നെ ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ സത്യസന്ധവും കൃത്യവുമായി സര്‍വേ പൂര്‍ത്തിയാക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജോയിന്റ്് ഡയറക്ടര്‍ വി. പി. സറഫുദീന്‍ പറഞ്ഞു. അഡീഷനല്‍ ജില്ലാ ഓഫീസര്‍ വി. പ്രകാശ്ബാബു 2017-18 സ്ഥിതി വിവരകണക്ക് അവലോകനം നടത്തി. റിസര്‍ച്ച് ഓഫീസര്‍ ടി.വി സ്വര്‍ണകുമാരി അഡ്ഹോക്ക് സര്‍വേകളെകുറിച്ച് വിലയിരുത്തി. കാര്‍ഷികഭൂമിയിലെ വിളവിനിയോഗത്തെക്കുറിച്ച്് ചിറ്റൂര്‍ താലൂക്കും ക്ലസ്റ്റര്‍ വിഭജനത്തെ പ്രതിപാദിച്ച് പാലക്കാട് താലൂക്കും വിളപരീക്ഷണ സ്ഥിതി വിവരങ്ങളെ സംബന്ധിച്ച് ഒറ്റപ്പാലം താലൂക്കും വിഷയാവതരണം നടത്തി. കൃഷിയിലെ ചെലവുകളെക്കുറിച്ചുള്ള സര്‍വേ നടത്തേണ്ടതെങ്ങനെയെന്ന് ജില്ലാ ഓഫീസര്‍ സി.ഗോപാലകൃഷ്ണന്‍ വിശദമാക്കി. കൈവശഭൂമിയുടെ കാര്‍ഷികവും കാര്‍ഷികേതരവുമായ വിനിയോഗം, കാര്‍ഷിക വിളകള്‍ക്ക് പ്രകൃതിക്ഷോഭം മൂലമോ മറ്റോ നാശം സംഭവിക്കുമ്പോള്‍ കാര്‍ഷിക ഇന്‍ഷുറന്‍സ് പ്രകാരം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി വിവരശേഖരണം, കൃഷി ചെലവ് പഠിക്കുന്നതിനായി വിളകള്‍ തിരിച്ചുള്ള സര്‍വേ എന്നിവ നടത്തുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും സെമിനാറില്‍ വിശദമാക്കി. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രീതിയില്‍ സര്‍വേ നടത്തിയ പാലക്കാട് ബ്ലോക്കിനും മണ്ണാര്‍ക്കാട് ബ്ലോക്കിനും ജോയിന്റ് ഡയറക്ടര്‍ വി. പി സറഫുദീന്‍ ഉപഹാരം നല്‍കി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീധരവാര്യര്‍ അധ്യക്ഷനായ പരിപാടിയില്‍ അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍ ഷീല, ജില്ലാ പ്ലാനിങ് വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് കെ. കണ്ണന്‍, നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ സൂപ്രണ്ട് സി. ജി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.