അട്ടപ്പാടി മേഖലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി അഞ്ച് ദിവസത്തില്‍ 51 പേര്‍ക്ക് ചികിത്സ ലഭിച്ചു. സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂണ്‍ 26-നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി കോട്ടത്തറ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ 51 പേരാണ് ചികിത്സയ്ക്കായി എത്തിയത്. അതില്‍ 32 പേര്‍ പുരുഷ•ാരും 19 പേര്‍ സ്ത്രീകളുമാണ്. ചികിത്സ ലഭ്യമായവരില്‍ 15 പേര്‍ ഇന്‍ പേഷ്യന്‍സും 36 പേര്‍ ഒ.പി.യിലുമാണ് ചികിത്സ തേടിയത്. പദ്ധതിയുടെ ഭാഗമായി രോഗിക്ക് വസ്ത്രത്തിനും മരുന്നിനും പുറമെ കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം, അലവന്‍സ്എന്നിവയും നല്‍കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സെപ്റ്റംബറിനകം നടപടികള്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് വാങ്ങുന്നതിനും രണ്ട് ആശുപത്രികളിലും പദ്ധതിയുടെ സൈറ്റ് ഓഫീസ് തുറക്കാനും തീരുമാനിച്ചു. ജൂലൈയില്‍ തന്നെ കോട്ടത്തറ ആശുപത്രിയില്‍ ത്വക്ക്, ചെവി, കണ്ണ് എന്നിവയ്ക്കായി കാംപ് നടത്തും. പദ്ധതിയെ സംബന്ധിച്ച് വിവരം നല്‍കുന്നതിനായി ബോധവത്ക്കരണ പരിപാടികള്‍, ഊര് സന്ദര്‍ശനം എന്നിവ നടത്തുമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം. കെ. ബാബു പറഞ്ഞു. ഇതിനു മുന്നോടിയായി എസ്.സി-എസ്.ടി പ്രൊമോട്ടര്‍മാര്‍, ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, അങ്കണവാടി ജീവനക്കാര്‍ എന്നിവരെ ഉപയോഗിച്ച് അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ജൂലൈ 18,19,20 ദിവസങ്ങളില്‍ യോഗം ചേരും. പദ്ധതിയുടെ ഭാഗമായി ഇ.എം.എസ് ആശുപത്രിയില്‍ എത്തുന്നവര്‍ക്കായി വാര്‍ഡ് ഒരുക്കുകയും പദ്ധതിയിലൂടെ ഹെല്‍ത്ത് കാര്‍ഡ് നല്‍ക്കുകയും ചെയ്യും. ആദ്യ വര്‍ഷത്തേക്ക് ആവശ്യമായ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍മാരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ പൈലറ്റ് പദ്ധതിയായാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളളത്. സഹകരണ മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രി. അട്ടപ്പാടി മേഖലയിലെ മുപ്പതിനായിരത്തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. മെഡിക്കല്‍ കാംപുകള്‍, 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം, ഗര്‍ഭിണികള്‍ക്ക് പോഷാകാഹാരം, പ്രതിരോധ കുത്തിവെയ്പ്പ് കാംപുകള്‍, ലാബ് സൗകര്യം, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങിയ 12 ഇന സേവനങ്ങളാണ് ലഭിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമല്ലാത്ത ചികിത്സ ഇ.എം.എസില്‍ ലഭിക്കും. ഭക്ഷണവും യാത്രാസൗകര്യവും സര്‍ക്കാര്‍ സഹായത്തോടെ അനുവദിക്കും. അഞ്ച് വര്‍ഷത്തേക്കാണ് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയെ സര്‍ക്കാര്‍ ഈ ചുമതല ഏല്‍പ്പിച്ചി്ട്ടുള്ളത്. സമഗ്ര ആരോഗ്യ പുനരധിവാസം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
