വീട്ടുവളപ്പില്‍ ചന്ദനവും വീട്ടിയും തേക്കും നടാന്‍ ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിയുമായി സാമൂഹിക വനവത്ക്കരണവിഭാഗം. ഒരു വര്‍ഷം പ്രായമായ ചന്ദനം, വീട്ടി, തേക്ക് മരങ്ങളാണ് ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിയുടെ ഭാഗമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം തയ്യാറാക്കുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കിലും തൈകള്‍ സ്വന്തമാക്കാനുള്ള പദ്ധതിയാണിത്. അടുത്ത മഴക്കാലത്തേക്ക് വിതരണം ചെയ്യാനാണ് തൈകള്‍ തയ്യാറാക്കുന്നത്. പാലക്കാട്, മണ്ണാര്‍ക്കാട്, അഗളി റെയ്ഞ്ചുകളിലെ ബ്ലോക്കുകളിലാണ് തൈകള്‍ തയ്യാറാക്കുക. പാലക്കാട് ബ്ലോക്കിലെ കിണാവല്ലൂര്‍, ചിറ്റൂര്‍ ബ്ലോക്കിലെ കുറ്റിക്കല്‍ ചള്ള, പട്ടാമ്പി ബ്ലോക്കിലെ വാടാനംകുറിശ്ശി എന്നിവിടങ്ങളിലായി 6000 തേക്കിന്‍തൈകള്‍, 4500 ചന്ദനം, 4500 വീട്ടി തൈകളാണ് തയ്യാറാക്കുന്നത്. 2019 മെയ് 25 മുതല്‍ ജൂണ്‍ അഞ്ച് വരെ തൈകള്‍ വിതരണം ചെയ്യും. ചന്ദനം, വീട്ടി മരങ്ങള്‍ക്കു വേണ്ടിയുള്ള പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷം പ്രായമായ തൈകളാണ് വിതരണം ചെയ്യുക. സാധാരണയായി 90 ദിവസം പ്രായമായ തൈകളാണ് പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യാറുള്ളത്. എന്നാല്‍ 90 ദിവസം പ്രായമായ ചന്ദനം, വീട്ടി തൈകള്‍ പറിച്ചു നട്ടാല്‍ മികച്ച പരിചരണം ലഭിച്ചില്ലെങ്കില്‍ വളരാനുള്ള സാധ്യത കുറവാണ്. കഴക്കൂട്ടം സൈനിക സ്‌കൂള്‍, റാന്നി വനം ഡിവിഷനിലെ കരിക്കുളം തുടങ്ങി പല സ്ഥലങ്ങളില്‍ ഒരു വര്‍ഷം പ്രായമായ തൈകള്‍ വെച്ചു പിടിപ്പിച്ച് ഫലം കണ്ടതിനെതുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വിവിധയിനം വൃക്ഷതൈകള്‍, ഔഷധച്ചെടികള്‍, അലങ്കാരചെടികള്‍ എന്നിവ പരിസ്ഥിതി ദിനത്തില്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്. ചെറിയകൂട തൈകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ഇതിനു പുറമേയാണ് അടുത്ത വര്‍ഷം മുതല്‍ ഒരു വര്‍ഷം പ്രായമായ വലിയകൂട തൈകള്‍ വിതരണം ചെയ്യാനായി തയ്യാറാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ചന്ദനം, വീട്ടി, തേക്ക് എന്നിവയിലൊരെണ്ണം സൗജന്യമായും പൊതുജനങ്ങള്‍ക്ക് ഒന്നിന് 45 രൂപ നിരക്കില്‍ 10 തൈകള്‍ വരേയും സ്വന്തമാക്കാം.