കലര്‍പ്പാണ് ഭാഷയുടെ സൗന്ദര്യം: പി.വി.കെ പനയാല്‍
ഭാഷാഭേദങ്ങള്‍ പോരായ്മല്ലെന്നും കലര്‍പ്പാണ് ഭാഷയുടെ സൗന്ദര്യമെന്നും പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി.കെ പനയാല്‍ പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം, ഭരണഭാഷാ വാരാഘോഷം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ മലയാളത്തില്‍ തുളുവിന്റെയും കന്നടയുടെയും ബ്യാരിയുടെയുമെല്ലാം സ്വാധീനമുണ്ട്.
രൂപഭദ്രതാ വാദത്തിനപ്പുറം മനുഷ്യന്റെ ചോരയും നീരും കലരുന്നതിലാണ് ഭാഷയുടെ സൗന്ദര്യം. അതുകൊണ്ടാണ് പാലക്കാടന്‍ ഭാഷയുടെ സൗന്ദര്യം ആവാഹിച്ച ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നാം നെഞ്ചോട് ചേര്‍ത്തത്. വൈവിധ്യമാര്‍ന്ന ഭാഷയുടെ സ്വാധീനം സാഹിത്യത്തില്‍ ഉള്ളതിനാല്‍ ഇന്ത്യയെ ഒരിക്കലും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍.ചേംബറില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം നിര്‍വഹിച്ചു.
തുളു- കന്നഡ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കവിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മലാര്‍ ജയരാമ റായി, മലയാളത്തില്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ പാടി എന്നിവരെ ജില്ലാ കളക്ടര്‍ ഫലകവും ആദരപത്രവും പൊന്നാടയും നല്‍കി ആദരിച്ചു. തുളു സംസ്‌കാരം നിലകൊണ്ടത് സ്നേഹത്തിന് വേണ്ടിയാണെന്ന് മലാര്‍ ജയരാമ റായി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കാഴ്ചയ്ക്കപ്പുറത്ത്, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന തുളുഭാഷയെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. സപ്ത ഭാഷകള്‍ക്കപ്പുറം ഉപഭാഷകളും മറ്റുമായി 34ല്‍പരം ഭാഷകള്‍ കാസര്‍കോട്ട് ഉണ്ടെന്ന് രവീന്ദന്‍ പാടി പറഞ്ഞു.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഭരണ സംവിധാനം, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) രവികുമാര്‍ കെ ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുരസ്‌ക്കാര ജേതാക്കളെ സതീശന്‍ പൊയ്യക്കോട്, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവര്‍ പരിചയപ്പെടുത്തി. അസി. എഡിറ്റര്‍ പി.പി. വിനീഷ്, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. സുരേഷ് ബാബു, എ.ഐ.ഒ പ്രദീപ്. ജി.എന്‍ എന്നിവര്‍ സംസാരിച്ചു.