സ്ത്രീകള്‍-കുട്ടികള്‍-മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള പിങ്ക് പൊലീസ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ശശികുമാര്‍ പറഞ്ഞു. ജില്ലാ ക്രൈം ബ്രാഞ്ച്, വനിതാസെല്‍, പിങ്ക് പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് ഭയരഹിതമായി സംസാരിക്കാനുള്ള ഇടമാണ് പിങ്ക് പൊലീസ് സജ്ജമാക്കുനതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പിങ്ക് പൊലീസിന്റെ 1515 പട്രോളിങ് ടോള്‍ഫ്രീ സേവനത്തിലൂടെ സുരക്ഷയുറപ്പാക്കണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ വനിതാസെല്‍ എസ്.ഐ. വി.കെ. ബേബി അറിയിച്ചു. നവമാധ്യമങ്ങളുടെ കടന്ന് വരവോടെ യുവതലമുറ നേരിടുന്ന വെല്ലുവിളികള്‍ സമൂഹത്തിന്റെ മുഖഛായക്ക് കോട്ടം സൃഷ്ടിച്ചെന്നും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ ഓരോരുത്തരും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും എസ്.ഐ വ്യക്തമാക്കി. പരിപാടിയില്‍ വനിതാ സെല്‍ ഫാമിലി കൗണ്‍സലര്‍ സുമതി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. പിങ്ക് പൊലീസിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സഹായം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ലഭിക്കും. പൊലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍ സമന്വയിപ്പിച്ചാണ് പിങ്ക് പട്രോള്‍ സംവിധാനം നടപ്പാക്കുന്നത്. സ്ത്രീ സുരക്ഷ-പിങ്ക് പൊലീസ് സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് നൂര്‍ മുഹമ്മദ്, കേരള പൊലീസ് അസോസിയേഷന്‍ സെക്രട്ടറി ശിവകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ അച്യുതാനന്ദന്‍, വനിതാ സെല്‍ എസ്.ഐ മാരായ അനിലാകുമാരി, പ്രീത ജേക്കബ്ബ് സംസാരിച്ചു. ക്ലാസില്‍ എം.ഇ.എസ്, ശക്തന്‍ കോളെജ്, ഗവ. നഴ്സിങ് കോളെജ്, പുതുപരിയാരം മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.