ലക്ഷ്യമിടുന്നത് 80,000 ഹെക്ടറില്‍ നെല്‍കൃഷി.

ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളില്‍ 30 എണ്ണത്തിലും ഏഴ് മുന്‍സിപ്പാലിറ്റികളില്‍ ആറിലും ഹരിതകര്‍മസേന പ്രവര്‍ത്തനം സജീവമായി. വാര്‍ഡ് ഒന്നിന് രണ്ട് പേര്‍ വീതം എന്ന കണക്കിലാണ് ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം. ആലത്തൂര്‍, വെള്ളിനേഴി, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തുകളിലും ഷൊര്‍ണ്ണൂര്‍, പാലക്കാട്, ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍-തത്തമംഗലം, ഒറ്റപ്പാലം നഗരസഭകളിലും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണമ്പ്ര, വടക്കഞ്ചേരി, അകത്തേത്തറ, അഗളി ഗ്രാമ പഞ്ചായത്തുകളില്‍ താല്‍ക്കാലികമായി എം.സി.എഫ് പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിതകേരളം മിഷനോടനുബന്ധിച്ച് ജില്ലയില്‍ ഒന്നും രണ്ടും വിളകളിലായി മൊത്തം 80,000 ഹെക്ടറിലാണ് നെല്‍കൃഷി ലക്ഷ്യമിടുന്നത്. 100 ഹെക്ടര്‍ തരിശ് ഭൂമിയിലും നെല്‍കൃഷിയിറക്കുന്നുണ്ട്. 6500 ഹെക്ടറില്‍ പച്ചക്കറികൃഷി ലക്ഷ്യമിടുന്നുണ്ട്. ഒരു യൂനിറ്റില്‍ 25 എണ്ണം വെച്ച് 4000 യൂനിറ്റ് ഗ്രോബാഗുകള്‍ വിതരണം ചെയ്തു. എട്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല ശില്‍പശാലയോടനുബന്ധിച്ച് ആമുഖാവതരണത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണനാണ് കണക്കുകള്‍ വ്യക്തമാക്കിയത്. ജലസംരക്ഷണ ഉപമിഷനുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് ലെവല്‍ റിസോഴ്സ് പേഴ്സന്‍ ഡോ. കെ. വാസുദേവന്‍പിളള, ശുചിത്വമാലിന്യ സംസ്‌കരണ ഉപമിഷനുമായി ബന്ധപ്പെട്ട് വി.രാധാകൃഷ്ണന്‍, കൃഷി ഉപമിഷനുമായി ബന്ധപ്പെട്ട് വി.സി.ചെറിയാന്‍, ഗ്രീന്‍ പ്രോട്ടോകോള്‍ ഹരിതോത്സവവുമായി ബന്ധപ്പെട്ട് പ്രൊഫ. ബി.എം. മുസ്തഫ തുടങ്ങിയവര്‍ വിഷയഅവതരണം നടത്തി. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, മൈനര്‍ ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍ ജയശ്രീ, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് ടി. ഗിരിജാദേവി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ അസി. സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ജി.ഇ.ഒ.മാരുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.