ശൈശവ വിവാഹം തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്. ശൈശവ വിവാഹത്തെ കുറിച്ച് വിവരം നൽകുന്നയാൾക്ക് ഇൻസെന്റീവായി 2500 രൂപ നൽകുന്ന ‘പൊൻ വാക്ക്’ എന്ന പദ്ധതിയാണ് വകുപ്പ് നടപ്പിലാക്കുന്നത്. പദ്ധതിക്ക് പ്രചാരണം നൽകുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് പോസ്റ്ററുകൾ തയ്യാറാക്കി.

ശൈശവ വിവാഹത്തിനെതിരെയുള്ള സന്ദേശം, വിവരങ്ങൾ നൽകേണ്ട ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ ഉൾപെടുത്തിയ പോസ്റ്ററുകളുടെ പ്രകാശനം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ അരുൺ വിജയൻ  നിർവഹിച്ചു. കലകടറേറ്റ് ആസൂത്രണ ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി, പ്രോഗ്രാം ഓഫീസർ അംബിക കെ കെ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, എം എസ് കെ സ്റ്റാഫ് എന്നിവർ  പങ്കെടുത്തു.