എറണാകുളം: പോഷണത്തിന് ആയുർവേദം എന്ന സന്ദേശവുമായി ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി. കോവിഡ് പ്രതിരോധത്തിനായി സ്കൂൾ കുട്ടികൾക്കുള്ള കിരണം ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഓൺലൈനായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സോണിയ ഇ എ അധ്യക്ഷത വഹിച്ചു.ആയുഷ് മിഷൻ ഡി.പി.എം ഡോ: എം.എസ്. നൗഷാദ്, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ലീനാറാണി,എൻ.എച്ച്.എം ഡി.പി.എം. ഡോ: സജിത് ജോൺ , ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ: ടിന്റു എലിസബത്ത് , മൂവാറ്റുപുഴ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഷീല ,പായിപ്ര മെഡിക്കൽ ഓഫീസർ ഡോ: ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു. പോഷണം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ മൂവാറ്റുപുഴ ആയുഷ്ഗ്രാം പദ്ധതി മെഡിക്കൽ ഓഫീസർ ഡോ: ജിൻഷ ക്ലാസുകൾ നയിച്ചു.

വാരാചരണത്തിന്റെ ഭാഗമായി പോഷണത്തിന് ആയുർവേദം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടികൾ, ആരോഗ്യകരമായ ഭക്ഷണങ്ങളെ പരിചയപ്പെടുത്തൽ എന്നിവ ആയുർവേദ ഡിസ്പെൻസറികളും ആശുപതികളും കേന്ദ്രീകരിച്ച് നടക്കും. സ്കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായുള്ള കേരള സർക്കാർ ആയുർവേദ പദ്ധതിയായ കിരണം പദ്ധതിക്കും തുടക്കം കുറിച്ചു. സർക്കാർ ആശുപത്രികൾ , ഡിസ്പെൻസറികൾ എന്നിവിടങ്ങളിലെ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിയാണ് നടപ്പിലാക്കുക. ഓരോ കുട്ടികളുടെയും ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രത്യേക മരുന്നുകൾ നല്കാനാണ് നിർദ്ദേശം. കുട്ടികൾക്കുള്ള യോഗയും ഉൾപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാകും നടപ്പാക്കുക. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ , ആയുർവേദ കോളേജ് എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ സ്വകാര്യ മേഖലകളുടെ സഹകരണം ഉറപ്പാക്കുന്ന ജില്ലാ ആയുർവേദ കോവിഡ് റെസ്പോൺസ് സെല്ലിന്റെ ഏകോപനത്തിലുമാകും പ്രവർത്തനങ്ങൾ നടപ്പാക്കുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സോണിയ ഇ എ ,ആയുഷ് മിഷൻ ഡി.പി.എം ഡോ: എം.എസ്. നൗഷാദ് എന്നിവർ പറഞ്ഞു.