എറണാകുളം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഇവിടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് അസംഘടിത തൊഴിലാളികൾക്ക് തൊഴിൽ കാർഡ് നൽകുന്നതിനായി ഇ- ശ്രം രെജിസ്ട്രേഷൻ ആരംഭിച്ചു.

16 മുതൽ 59 വയസ്സ് വരെ ഇൻകം ടാക്സ് അടയ്ക്കാൻ സാധ്യതയില്ലാത്തതും പി.എഫ് – ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ് ഇ- ശ്രം രെജിസ്ട്രേഷൻ. ആധാർ നമ്പർ, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ അല്ലെങ്കിൽ ബയോമെട്രിക്ക് ഒതന്റിക്കേഷൻ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഈ മാസം 10 നകം അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ്, www.eshram.gov.in എന്ന വെബ് സൈറ്റിലൂടെയോ രജിസ്ട്രേഷൻ പൂർത്തിയാക്കാം. കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മറ്റികൾ മുഖേനയും രജിസ്ട്രേഷൻ നടത്താമെന്ന് കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.