കൊച്ചി : കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സേനാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജീവന്‍രക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായ ബ്രെയിന്‍ വയര്‍ മെഡി എന്ന വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമാണ് പരിശീലനത്തിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നത്. പരിശീലനം ഇന്ന് (നവംബര്‍ 10) രാവിലെ 10ന് എറണാകുളം സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ഐശ്വര്യ ഡോങ്ക്രേ ഉദ്ഘാടനം ചെയ്യും. എറണാകുളം ടൗണ്‍ ഹാളിലാണ് പരിശീലനം.
ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികള്‍ക്ക് ശ്വസന സഹായം നല്‍കുന്ന സിപിആര്‍ എങ്ങനെ ഫലപ്രദമായി നിര്‍വ്വഹിക്കാം എന്നതിനായി നിര്‍മ്മിതബുദ്ധി യുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ജീവന്‍ രക്ഷ പരിശീലനം ആണിത്. ഹൃദയാഘാതത്താല്‍ കുഴഞ്ഞു വീഴുന്ന ആളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിക്കുകയാണ് മിക്കവാറും ചെയ്യുന്നത്. ഇതോടൊപ്പം കൃത്രിമ ശ്വാസം നല്‍കി ജീവന്‍ നിലനിര്‍ത്തുക എന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുകയാണ് ബ്രെയിന്‍ വയര്‍ മെഡി ആവിഷ്‌കരിച്ച ജീവന്‍രക്ഷ പദ്ധതിയുടെ മര്‍മ്മം.
ഇതിനായി വികസിപ്പിച്ചെടുത്ത റോബോട്ടാണ് കൃത്യം നിര്‍വഹിക്കുന്നതിന് മാതൃകയായി പരിശീലനത്തില്‍ സഹായിക്കുക. പ്രായോഗിക പരിശീലനത്തില്‍ അധിഷ്ഠിതമായ ഈ പരിശീലനത്തിലൂടെ അത്യാസന്നനിലയിലാകുന്ന ഹൃദ്രോഗികള്‍ക്ക് അടിയന്തര സഹായം നല്‍കാനാകും.
