തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈനായി സംഘടിപ്പിച്ച ജലച്ഛായ ചിത്രരചന മത്സരം, ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിഭാഷ മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്ട്രേറ്റ് ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ‘പകര്‍ച്ച വ്യാധികളുടെ കാലത്തെ ശുചിത്വം’ എന്ന വിഷയത്തിലാണ് എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിച്ചത്. ജലച്ഛായ ചിത്രരചനാ മത്സരത്തില്‍ എല്‍ പി വിഭാഗം ഒന്നാം സ്ഥാനം -സൂര്യദേവ് പി എസ് (രണ്ടാം ക്ലാസ്, സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പൊങ്ങണംകാട്), രണ്ടാം സ്ഥാനം – ഇന്ദിര അനോണ്‍ (മൂന്നാം ക്ലാസ്, ക്രൈസ്റ്റ് വിദ്യാനികേതന്‍, ഇരിങ്ങാലക്കുട), യുപി വിഭാഗം ഒന്നാം സ്ഥാനം – ആനന്ദ് കെ ആര്‍ (ഏഴാം ക്ലാസ്, സെന്റ് പയസ് യുപി സ്‌കൂള്‍, വടക്കാഞ്ചേരി), ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം – മാളവിക പ്രജീഷ് (എട്ടാം ക്ലാസ്, എല്‍ എഫ് സി ജി എച്ച് എസ് എസ്, മമ്മിയൂര്‍) എന്നിവര്‍ സര്‍ട്ടിഫിക്കറ്റ്, സമ്മാനങ്ങള്‍ എന്നിവ ഏറ്റുവാങ്ങി.

ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്ലബ്ബ് എഫ്എമ്മുമായി സഹകരിച്ചാണ് പരിഭാഷ മത്സരം നടത്തിയത്. മത്സര വിജയിയായ കുന്നംകുളം സ്വദേശി സി കെ ജോസിന് കലക്ടര്‍ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കി. പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രുതി എ എസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, ക്ലബ്ബ് എഫ് എം പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത് എന്നിവര്‍ പങ്കെടുത്തു.