സിനിമ ടൂറിസത്തിനു കേരളത്തില്‍ അനന്ത സാധ്യതകളാണുള്ളതെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ ആരംഭിച്ചതായും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര രംഗത്തു കേരളത്തിന്റെ പുത്തന്‍ ചുവടുവയ്പ്പാകുന്ന സിനിമ ടൂറിസം സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും കൈകോര്‍ത്താകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയില്‍നിന്നു വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റിവോള്‍വിങ് ഫണ്ട് പദ്ധതിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളി മനസില്‍ താലോലിക്കുന്ന ഹിറ്റ് സിനിമകള്‍ക്കു പശ്ചാത്തലമായ മനോഹര പ്രദേശങ്ങളുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയെന്നതാണു സിനിമ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ‘അങ്ങാടി’ സിനിമയ്ക്കു പശ്ചാത്തലമായ കോഴിക്കോട് വലിയങ്ങാടി, ‘കിരീടം’ സിനിമയിലെ കിരീടം പാലം, ‘ബോംബെ’ സിനിമയ്ക്കു ലൊക്കേഷനായ ബേക്കല്‍, ‘വെള്ളാനകളുടെ നാട്ടി’ലെ വയനാട് ചുരം അങ്ങനെ എത്രയെത്ര മനോഹര സ്ഥലങ്ങളാണു മലയാളിയുടെ മനസില്‍ ഇന്നും മായാത്ത രംഗങ്ങളായി തെളിയുന്നത്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ സിനിമ ഷൂട്ടിംഗുകള്‍ നടക്കുന്ന പാലക്കാട് ജില്ലയിലെ പല പ്രകൃതി രമണീയ സ്ഥലങ്ങളും ഇന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്. ഈ ലൊക്കേഷനുകളിലേക്ക് ഒരിക്കല്‍ക്കൂടി വെള്ളിത്തിരയില്‍ക്കണ്ട നായകനും നായികയും എത്തിയാല്‍ അതു ടൂറിസം രംഗത്ത് എത്ര വലിയ ഉണര്‍വുണ്ടാക്കും. ഇതു പ്രയോജനപ്പെടുത്തുകയാണു സിനിമ ടൂറിസത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.
പദ്ധതി സംബന്ധിച്ചു സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സിനിമ രംഗത്തുള്ളവരെയും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും ഇതിന്റെ ഭാഗമാക്കി പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണു ടൂറിസം വകുപ്പ്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പിന്തുണ നല്‍കുന്നതാകും ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയില്‍നിന്നുള്ള പുനരുദ്ധാരണം ലക്ഷ്യംവച്ച് റിവോള്‍വിങ് ഫണ്ട് ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സഞ്ചാരികളുടെ വരവു നിലച്ചതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഈ സ്ഥിതിയില്‍നിന്നു വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു റിവോള്‍വിങ് ഫണ്ട് പദ്ധതി.
10 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ഈടും പലിശയുമില്ലാതെ 10,000 രൂപയാണു വായ്പയായി നല്‍കുന്നത്. ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനകളിലെ അംഗവും ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകള്‍ ചെയ്തിരുന്നവരുമായവര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ തുടങ്ങിയവര്‍ക്കു ലഭ്യമാകുന്ന ഈ വായ്പ അഞ്ചു വര്‍ഷ കാലാവധിയിലാണു നല്‍കുന്നത്. ഒരു വര്‍ഷം കഴിഞ്ഞു തിരിച്ചടവു തുടങ്ങിയാല്‍ മതിയാകും. തിരിച്ചടയ്ക്കുന്നതനുസരിച്ചു പുനര്‍ വായ്പ ലഭ്യമാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടര്‍ കൃഷണ തേജ മൈലവരപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. കെ.എസ്. റീന, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.