മച്ചാട് ഗവ.ഹയർസെക്കന്ററി സ്‌കൂളിന് ഇനി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി രൂപ വിനിയോഗിച്ചാണ് സ്കൂൾ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിനായി മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന യു.പി. ബ്ലോക്ക് കെട്ടിടത്തിൻ്റെ നിർമ്മാണപുരോഗതിയും എം എൽ എ വിലയിരുത്തി.  നിർമ്മാണം അതിവേഗത്തിൽ പൂർത്തീകരിക്കണമെന്ന് കരാറുകാരോട് എം എൽ എ നിർദ്ദേശിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന എല്ലാ കുട്ടികളെയും എം എൽ എയും ജനപ്രതിനിധികളും  സന്ദർശിച്ച്  ആശംസകൾ നേർന്നു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽകുമാർ, വൈസ് പ്രസിഡൻ്റ് ഇ ഉമാലക്ഷ്മി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.സി. സജീന്ദ്രൻ, പി.ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ സാൻജോ സെബാസ്റ്റ്യൻ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ വി. നാരായണൻകുട്ടി , ഹെഡ്മാസ്റ്റർ സി. പ്രഭാകരൻ, എൽ. പി. ഹെഡ്മിസ്ട്രസ്സ് നദീറ കെ. എന്നിവരും അധ്യാപകരും ചേർന്ന് സ്വീകരിച്ചു.