ജില്ലാ റിസോഴ്സ് സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ വിഷയമേഖല ഉപസമിതി ചെയർപേഴ്സൺമാരുടെയും കൺവീനർമാരുടെയും യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ  ഹരിത വി. കുമാർ  അധ്യക്ഷത വഹിച്ചു.
പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിന്റെയും ജില്ലാ റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെയും പ്രാരംഭ നടപടിയായിട്ടാണ് യോഗം ചേർന്നത്. എല്ലാ മേഖലകളിലും ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾക്ക് ചുമതല നൽകി വിഷയാടിസ്ഥാനത്തിൽ വെവ്വേറെ യോഗം ചേരുന്നതിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

14-ാം പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി പ്രാദേശിക സർക്കാരുകൾ പദ്ധതികൾ തയ്യാറാക്കുമ്പോൾ ജില്ലാ റിസോഴ്സ് സെന്ററിന്റെ സഹായത്തോടെ മാതൃകാപരമായ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിൽ വരുത്തുന്നതിനും ജില്ലാ പദ്ധതി പുതുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു നൽകുവാനും യോഗം തീരുമാനിച്ചു. വ്യവസായം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ശുചിത്വ മിഷൻ, മണ്ണ്, ജല സംരക്ഷണം, നഗരാസൂത്രണം, എസ് സി, എസ് ടി തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തങ്ങളുടെ നിർദ്ദേശങ്ങൾ യോഗത്തിൽ പങ്കുവെച്ചു. ജില്ലയുടെ വികസന മുന്നേറ്റത്തിനായി വിവിധ മേഖലകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ഇതൊരു പ്രാഥമിക ചർച്ചയാണെന്നും എല്ലാവരുടെയും സഹകരണം ഉറപ്പാക്കി മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഗവ.നോമിനി ഡോ.എം എൻ സുധാകരൻ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ പ്ലാനിംഗ് ഓഫീസർ  എൻ.കെ. ശ്രീലത, 12 വിഷയ മേഖലാ ഉപസമിതി ചെയർപേഴ്സൺമാർ, കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.