കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക നഷ്ടം, കർഷകരുടെ പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വെബിനാർ കേരള കാർഷിക സർവകലാശാലയിൽ ആരംഭിച്ചു. തീവ്ര കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കർഷകരുടെ അതിജീവനവും സംബന്ധിച്ച് ദേശീയ സെമിനാർ കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തെ ബാധിക്കുന്ന സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതങ്ങൾ വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി. ചെറുകിട നാമമാത്ര കർഷകർക്കായി സുസ്ഥിര മാതൃകകൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടൽ വഴിയുള്ള ലഘൂകരണമാണ് നമ്മുടെ സമൂഹത്തെയും പ്രദേശത്തെയും രാജ്യത്തെയും തന്നെ അനന്തരഫലങ്ങൾക്കായി സജ്ജരാക്കാനുള്ള ഏക പോംവഴി.
ചെന്നൈ എംഎസ്എസ്ആർഎഫിലെ സീനിയർ ഫെലോയും, കാലാവസ്ഥാ ശാസ്ത്രജ്ഞനും, കേരള സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ പ്രൊഫ. ടി. ജയരാമൻ മുഖ്യ കുറിപ്പ് അവതരിപ്പിച്ചു. വർധിച്ച കാലാവസ്ഥാ വ്യതിയാനം, ഉദ്പാദനത്തിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള നടപടികൾ എന്നിവയിൽ, കാർഷിക ഉൽപാദനത്തിലും വരുമാനത്തിലും ഉപജീവനത്തിലും വളർച്ച നിലനിർത്തുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാ ആഘാത ഗവേഷണങ്ങളിലെ അസംബന്ധത്തെക്കുറിച്ച് അദ്ദേഹം വ്യക്തമായി പരാമർശിച്ചു. മുംബൈയിലെ ഐഎസ്ഇഇയുടെ സെക്രട്ടറി ഡോ. സി. എൽ. ദധിച്ച് തന്റെ ആമുഖ പ്രസംഗത്തിൽ സംഘടനയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. മിനി രാജ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല മുൻ റിസേർച് ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി, റിസേർച് അസോസിയേറ്റ് ഡയറക്ടർ ഡോ. കുഞ്ഞാമു ടി. കെ, കാലാവസ്ഥാ വ്യതിയാന കോളേജ് ഡീൻ ഡോ. നമീർ പി. ഒ എന്നിവർ പ്രസംഗിച്ചു. സെമിനാർ ഓർഗനൈസിങ് സെക്രട്ടറി ഡോ. എ. പ്രേമ സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ. ചിത്ര പാറയിൽ നന്ദിയും പറഞ്ഞു. കേരള കാർഷിക സർവകലാശാലയും മുംബൈയിലെ ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രികൾച്ചറൽ ഇക്കണോമിക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, കർഷക സമൂഹത്തിന്റെ പൂർവസ്ഥിതി പ്രാപിക്കൽ എന്നീ വിഷയങ്ങൾ ഡോ. ശ്രീനാഥ് ദീക്ഷിത്, ഡോ. കവികുമാർ, ഡോ. സുരേഷ് കുമാർ ഡി, തുടങ്ങിയ ശാസ്ത്രജ്ഞന്മാർ ചർച്ചചെയ്യും.