എറണാകുളം : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാല നവംബർ 14 ന് ആരംഭിക്കും . കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം വൈപ്പിൻ ദ്വീപിന്റെ നിലനിൽപ്പ് കണക്കിലെടുത്താണ് ത്രിദിന ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഓഗസ്റ്റിൻ ഹാളിൽ നടക്കുന്ന ശില്പശാല 16 ന് സമാപിക്കും. ശില്പശാല നവംബർ 14 ഞായറാഴ്ച്ച രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണികൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. ദുരന്തനിവാരണ പദ്ധതി, അടിസ്ഥാന സൗകര്യ വികസനം , 14 -ാം പഞ്ചവത്സര പദ്ധതി മുൻഗണനകൾ എന്നീ വിഷയത്തിൽ ചർച്ചകൾ നടക്കും.
ശില്പശാലയുടെ രണ്ടാം ദിന ചർച്ചകൾ നിയമ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. നൈപുണ്യ വികസനം, സംരംഭകത്വം , തൊഴിലവസരങ്ങൾ , നേട്ടങ്ങൾ : കാലാവസ്ഥ വ്യതിയാനവും ദ്വീപ് സംരക്ഷണവും , സാമൂഹ്യക്ഷേമം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
സമാപന ദിവസമായ നവംബർ 16 ന് സേവന മേഖലയും ദ്വീപ് സമൂഹവും , ഉല്പാദന മേഖലയും സമഗ്ര സുസ്ഥിര വികസനവും എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും.
സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എംഎൽഎ എസ്. ശർമ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് , ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ മാനുവൽ, ജില്ലാ കളക്ടർ ജാഫർ മാലിക്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ വൃന്ദാ ദേവി, കൊച്ചി തഹസീൽദാർ സുനില ജേക്കബ് , വിവിധ വകുപ്പ് മേധാവികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.