കാക്കനാട് : സൻസദ് ആദർശ് ഗ്രാമ യോജന (സാഗി ) പദ്ധതിയുടെ അവലോകന യോഗം ചേർന്നു. ഹൈബി ഈഡൻ എം.പി ഏറ്റെടുത്തിരിക്കുന്ന മുളവുകാട്, കുമ്പളങ്ങി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു. മുളവുകാട് പഞ്ചായത്തിന്റെ ചാർജ് ഓഫീസറായി ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ പി.എച്ച് ഷൈനിനെ നിയമിച്ചു. വില്ലേജിന്റെ വികസന പദ്ധതി തയാറാക്കൽ പൂർത്തിയായതായി യോഗത്തിൽ അറിയിച്ചു. 47 പ്രവൃത്തികൾ പൂർത്തീകരിക്കുയും ഏഴ് പ്രവൃത്തികൾ പുരോഗമിക്കുകയുമാണ്. കുമ്പളങ്ങി പഞ്ചായത്ത് ചാർജ്ജ് ഓഫീസറായി അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ സുബ്രഹ്മണ്യൻ ടി.എസിനെ നിയമിച്ചു. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തങ്ങളായ പദ്ധതിക നടപ്പിലാക്കുന്നതിന് സർവേ നടത്തുന്നതിനു വേണ്ടി സെന്റ് തെരേസാസ് കോളേജിനെ ചുമതലപ്പെടുത്തി. അടുത്ത ഘട്ടത്തിൽ വില്ലേജ് ഡവലപ്‌മെന്റ് പ്ലാൻ തയാറാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്, ഹൈഡി ഈഡൻ എം.പി. പി.എ.യു പ്രൊജക്ട് ഡയറക്ടർ ട്രീസ ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.