ഇടുക്കി: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ‘ജൈവകൃഷിയും വിപണനവും’ സംബന്ധിച്ച സര്‍വെയുടെ ഉദ്ഘാടനം മാങ്കുളത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനിതാ സജീവന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. കെ. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജൈവകൃഷി രീതികളെ സംബന്ധിച്ചും ജൈവകൃഷിയുടെ വിള തിരിച്ചുളള വിസ്തൃതി, ഉല്പാദനം, വിപണന സാധ്യത. സംഭരണം വരുമാനം എന്നിവ കണ്ടെത്തുക, കര്‍ഷകരുടെ പ്രയാസങ്ങള്‍ പഠിക്കുക, യഥാര്‍ത്ഥ ജൈവകര്‍ഷകരെ കണ്ടെത്തുക എന്നീ വിഷയങ്ങള്‍ ഈ സര്‍വ്വെയിലൂടെ ലക്ഷ്യമിടുന്നു. കൃഷിവകുപ്പില്‍ നിന്നും ലഭ്യമാക്കിയ ജൈവ കര്‍ഷകരുടെ ലിസ്റ്റില്‍ നിന്നും സാമ്പിള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വിവിധ കൃഷിഭവനുകളുടെ കീഴില്‍ വരുന്ന 225 ജൈവകര്‍ഷകരുടെ പക്കല്‍ നിന്നാണ് വിവരശേഖരണം നടത്തുന്നത്. ജില്ലയില്‍ ഏറ്റവും അധികം ജൈവകര്‍ഷകരുള്ളത് മാങ്കുളം പഞ്ചായത്തിലാണ്. യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകരും പങ്കെടുത്തു.