നിയമ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കാനാവണം: ജസ്റ്റിസ് സി പി മുഹമ്മദ് നിസാര്‍

അവശത അനുഭവിക്കുന്നവര്‍ക്ക് നിയമ അവബോധവും പരിരക്ഷയും നല്‍കുന്ന പാന്‍ ഇന്ത്യ അവയര്‍നെസ് ആന്റ് ഔട്ട് റീച്ച് ക്യാപെയിന്‍ ജനനന്മ ലക്ഷ്യം വെച്ചുള്ള വിവിധ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഹായിച്ചതായി കേരള ഹൈക്കോടതി ജഡ്ജി സി പി മുഹമ്മദ് നിസാര്‍. ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ള ജനങ്ങളുടെയും പങ്കാളിത്തം പരിപാടിയില്‍ ഉണ്ടായി. നിയമ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കുക വഴി എല്ലാവരുടെയും കണ്ണീര്‍ തുടക്കുകയും മനുഷ്യ പുരോഗതിക്കായി ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുകയും വേണം.

ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്ന പാന്‍ ഇന്ത്യ അവയര്‍നെസ് ആന്റ് ഔട്ട് റീച്ച് ക്യാപെയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോടതി കോംപ്ലക്സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍
പ്രിന്‍സിപ്പല്‍ ജില്ലാ- സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ പി ജെ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.

നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി തീം ഗാനത്തോടെയാണ് സമാപനച്ചടങ്ങിന് തുടക്കം കുറിച്ചത്. കുട്ടികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികളുമായി സഹകരിച്ച പാനല്‍ അഡ്വക്കേറ്റുമാരെയും പാര ലീഗല്‍ വോളന്റിയര്‍മാരേയും റിസോഴ്‌സ് പേഴ്‌സന്‍മാരെയും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. അഡീഷനല്‍ ജില്ലാ- സെഷന്‍സ് ജഡ്ജ് കെ എസ് രാജീവ്, ഫസ്റ്റ് അഡീഷനല്‍ ജില്ലാ- സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. അഡി. ഡിസ്ട്രിക്ട് ആൻ്റ് സെഷന്‍സ് ജഡ്ജ് (ചെയര്‍മാന്‍ താലൂക്ക് ലീഗല്‍ സര്‍വീസ്സ് കമ്മിറ്റി മുകുന്ദപുരം) രാജീവ് കെ. എസ്. സ്വാഗതവും ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി നിഷി. പി.എസ് നന്ദിയും പറഞ്ഞു.