മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അടക്കം അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരിലേക്ക് ക്ഷേമപദ്ധതികൾ എത്തിക്കുന്നതിനുള്ള ഇ – ശ്രം രജിസ്ട്രേഷന്‍ ജില്ലയിൽ വ്യാപകമായി നടപ്പാക്കാന്‍ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയതല ഡാറ്റബേസായ ഇ – ശ്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഈ മേഖലയ്ക്കായി വിവിധ വികസന – ക്ഷേമ പദ്ധതികള്‍ക്ക് സമീപഭാവിയിൽ രൂപം നല്‍കുക. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ ഇ – ശ്രം രജിസ്ട്രേഷന്‍ അനിവാര്യമാകുമെന്നതിനാൽ തൊഴിലാളി യൂണിയനുകളും ക്ഷേമബോർഡുകളും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്ടർ അഭ്യര്‍ത്ഥിച്ചു. ഇ – ശ്രം രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന തൊഴിൽ കാര്‍ഡ് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രാഥമികരേഖയായി മാറും.

16 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവരും ആദായ നികുതി അടയ്ക്കാൻ സാധ്യതയില്ലാത്തതും പി.എഫ് – ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ് ഇ- ശ്രം രജിസ്ട്രേഷൻ.

അസംഘടിത തൊഴിലാളികളെ ഇ – ശ്രം ശൃംഖലയുടെ ഭാഗമാക്കാന്‍ ജില്ലയിലെ വിവിധ മേഖലകളിൽ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതിനായി നവംബർ 20 മുതല്‍ ഡിസംബർ 20 വരെ പ്രത്യേക കര്‍മപദ്ധതി സംഘടിപ്പിക്കും. തൊഴില്‍ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍, ഫിഷറീസ്, കൃഷി, ക്ഷേമബോര്‍‍ഡുകള്‍, തൊഴിലുറപ്പ്, കുടുംബശ്രീ, വനിത – ശിശുക്ഷേമം തുടങ്ങിയ വിവിധ വകുപ്പുകളും ഏജന്‍സികളും കര്‍മപദ്ധതിയുടെ ഭാഗമാകും. ദൈനംദിന വിലയിരുത്തലിലൂടെ ജില്ലയിലെ അസംഘടിത തൊഴിലാളികളെ പൂര്‍ണമായും ഇ – ശ്രം രജിസ്ട്രേഷനിലെത്തിക്കാനാണ് ശ്രമം. കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് സമാനമായ പരിപാടി ഇതിനായി ഓരോ മേഖലയിലും ആവിഷ്കരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഭിന്നശേഷി, ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കിടയിലും ഇ- ശ്രം രജിസ്ട്രേഷൻ കാര്യക്ഷമായി നടപ്പാക്കും.

ആധാർ നമ്പർ, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ അല്ലെങ്കിൽ ബയോമെട്രിക്ക് ഓഥന്‍റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഡിസംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ്, www.eshram.gov.in വെബ് സൈറ്റ് തുടങ്ങിയ ഏതെങ്കിലും മാര്‍ഗത്തിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. സ്വന്തം നിലയിൽ രജിസ്ട്രേഷന്‍ നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതിനായി സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകള്‍ സഹായകരമാകും. അക്ഷയ കേന്ദ്രങ്ങളുടെ പ്രത്യേക കൗണ്ടറുകള്‍ ക്യാമ്പുകളില്‍ ഇതിനായി പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ വാസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. പെരുമ്പാവൂരില്‍ തൊഴില്‍ വകുപ്പിന്‍റെ ഫസിലിറ്റേഷന്‍ കേന്ദ്രത്തിലും രജിസ്ട്രേഷന് സൗകര്യമുണ്ട്.

യോഗത്തിൽ ഡിസ്ട്രിക്ട് ഡവലപ്മെന്‍റ് കമ്മീഷണര്‍ ഷിബു കെ. അബ്ദുള്‍ മജീദ്, ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, അക്ഷയ സെന്‍റര്‍ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.