ആധുനിക സൗകര്യങ്ങളൊരുക്കി ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രം മുഖം മിനുക്കുന്നു. ഏഴരക്കോടിരൂപയാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് പഞ്ചായത്ത് സി.എച്ച്.സിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹുനില മന്ദിരം, ആധുനിക രീതിയിലുള്ള ലാബ്, ഫാര്‍മസി, ഗൈനക്കോളജി വിഭാഗം, കുട്ടികളുടെ വിഭാഗം അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ വരാന്‍ പോകുന്നത്. നിലവില്‍ സിവില്‍ വര്‍ക്കിന് 5.8 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു. ബാക്കിയുള്ള തുക ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ചിലവഴിക്കും. പുതിയ വികസന പദ്ധതി പ്രകാരം മൂന്ന് നില കെട്ടിടമാണ് സി.എച്ച്.സിയില്‍ ഉയരുന്നത്. ഒന്നാം നിലയില്‍ ഗൈനക്കോളജി വിഭാഗവും രണ്ടാം നിലയില്‍ രണ്ട് ഓപ്പറേഷന്‍ തീയേറ്റര്‍, ഐ.സി.യു, പോസ്റ്റ് ഓപ്പറേറ്റീവ് വിഭാഗം, കുട്ടികള്‍ക്കുള്ള വിഭാഗം എന്നിവയുമാണ് പ്രവര്‍ത്തിക്കുക. 40 കിടക്കകളുള്ള വാര്‍ഡും മറ്റ് സൗകര്യങ്ങളുമാണ് മൂന്നാം നിലയില്‍ ക്രമീകരിക്കുക. ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യവും ശീതീകരിച്ച ലാബും, ഫാര്‍മസിയും ഉണ്ടാകും. ലാബില്‍ മുഴവന്‍ സമയവും ഓട്ടോമാറ്റിക് അനലൈസര്‍ സംവിധാനവും ഒരുക്കും. ഫാര്‍മസിയില്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക റാക്കുകളും സ്ഥാപിക്കും. സ്‌റ്റോര്‍, ഡിജിറ്റല്‍ എക്‌സ്‌റേ എടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായുള്ള ഓട്ടോമാറ്റിക് അനലൈസര്‍ യന്ത്രവും ഡിജിറ്റല്‍ എക്‌സ്‌റേ എടുക്കുന്നതിനായുള്ള യന്ത്രവും എത്തിക്കഴിഞ്ഞു. ഇത് സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ നടന്ന് വരികയാണ്. വൈദ്യുതി നിലയ്ക്കുമ്പോള്‍ പകരം സംവിധാനത്തിനായി ജനറേറ്ററും സ്ഥാപിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സി.എച്ച്.സിയിലെ ഒ.പി പ്രവര്‍ത്തനത്തിന്റെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ലാബിന്റെ പ്രവര്‍ത്തനം രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെയാക്കി. കെട്ടിട നിര്‍മാണം ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
