റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേര്, വയസ്, വിലാസം, ബന്ധം തുടങ്ങിയവയിലെ തിരുത്തലുകള്‍ എല്‍.പി.ജി, വൈദ്യുതി എന്നിവയിലെ തെറ്റുകള്‍ ഡിസംബര്‍ 15 വരെ ‘തെളിമ’ പദ്ധതി മുഖേന തിരുത്തി കുറ്റമറ്റതാക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കലും പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാം.
റേഷന്‍ കടയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും മേല്‍ പറഞ്ഞ തിരുത്തലുകള്‍ക്കുള്ള അപേക്ഷകളും വകുപ്പിനെ അറിയിക്കുന്നതിനായി എല്ലാ റേഷന്‍ കടകളിലും പരാതിപ്പെട്ടി സ്ഥാപിക്കും.
മുന്‍ഗണന / പൊതുവിഭാഗം റേഷന്‍ കാര്‍ഡ് പരിവര്‍ത്തനം, വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. ഇപ്രകാരമുളള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ സെന്റര്‍ / സിറ്റിസണ്‍ ലോഗിന്‍ മുഖേന ഓണ്‍ലൈനായി മാത്രമെ സ്വീകരിക്കൂവെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.