കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സെമിനാർ ഉദ്ഘാടനം ചെയ്തു. നദികൾ, തോടുകൾ, ജലാശയങ്ങൾ, കുളങ്ങൾ തുടങ്ങിയവയുടെ അരിക് ഭിത്തികളുടെ സംരക്ഷണം, ചെരിഞ്ഞ പ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയൽ, റോഡ് നിർമ്മാണം തുടങ്ങിയവയ്ക്കായുള്ള കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകൾ സെമിനാറിൽ ചർച്ച ചെയ്തു.

ജില്ലയിലെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ 4,08,51,000 രൂപയുടെ 6,37,428 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്ര ധാരണാപത്രം ഒപ്പ് വെക്കുകയും, അതിൽ 1,21,38,157 രൂപയ്ക്കുള്ള 1,65,145 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്രത്തിനാണ് കയർ ഫെഡിന് സപ്ലൈ ഓർഡർ നൽകിയിട്ടുളളത്. കുടുതൽ പ്രദേശ ങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് വിഭാവനം ചെയ്ത പ്രകാരമുള്ള മുഴുവൻ കയർ ഭൂവസ്ത്ര വിതാനവും പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദിന സെമിനാർ നടത്തിയത്.

മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സൈനാർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ മികച്ച രീതിയിൽ കയർ ഭൂവസ്ത്ര വിതാന പദ്ധതി നടപ്പിലാക്കിയ പൂതാടി, കണിയാമ്പറ്റ, പനമരം ഗ്രാമ പഞ്ചായത്തുകളെ മൊമന്റോ നൽകി ആദരിച്ചു.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, അസോസിയേഷൻ പ്രസിഡന്റും എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എച്ച്.ബി. പ്രദീപ്, എം.ജി.എൻ.ആർ.ഇ.ജി.എ സംസ്ഥാന കൗൺസിൽ അംഗവും പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ബാബു, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് പി. ജയരാജൻ, കയർ കോഴിക്കോട് പ്രോജക്ട് ഓഫീസർ പി.ആർ. സിന്ധു, എം.ജി.എൻ.ആർ.ഇ.ജി.എ ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ സി.പി. ജോസഫ്, ഫോംമാറ്റിംങ്‌സ് ഇന്ത്യ ജിയോ ടെക് സ്‌റ്റൈൽ കോർഡിനേറ്റർ എ.ജി. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.