മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ ) ആവാസ് ദിവസ് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വക്കേറ്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്ക് അവബോധം നല്‍കുന്നതിനുള്ള പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നേതൃത്വം നല്‍കി. ജോയിന്റ് ബി. ഡി .ഒ. കെ.എം സുജാത ത്രിതല പഞ്ചായത്തുകളുടെ പങ്ക് വിശദീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്നും കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ രേഷ്മ, സുചിത്ര എന്നിവരുമായി കരാര്‍ ഒപ്പുവച്ചു. ബാക്കി വരുന്നവരുടെ കരാര്‍ ഒപ്പുവക്കലും മുന്‍വര്‍ഷത്തെ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനവും ഉടന്‍ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വനജ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ അയമു, അസീസ് പട്ടിക്കാട്, അംഗങ്ങളായ വിന്‍സി ടീച്ചര്‍, ഗിരിജ ടീച്ചര്‍, പ്രബീന ഹബീബ്, ഉമ്മുസല്‍മ, റജീന, മുഹമ്മദ് നയീം, ഉസ്മാന്‍, വി.ഇ.ഒ ജസ്റ്റിന്‍ സെബാസ്റ്റ്യന്‍, വി.ഇ.ഒമാര്‍, ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഗുണഭോക്താക്കളുടെ പ്രതിനിധികളായി വീരപ്പന്‍ ആലിപ്പറമ്പ്, രേഷ്മ കീഴാറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.