ജനിതക മേന്‍മയുള്ള ബേഡകം തെങ്ങിനം സംരക്ഷിച്ച് പരിപാലിക്കുന്നതിന് ജില്ലാ പഞ്ചായത്ത്, കാറഡുക്ക ഗ്രാമ പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബേഡകം തെങ്ങിനം പ്രചരണ പദ്ധതി ആരംഭിച്ചു. ബേഡകം തെങ്ങിനങ്ങളുടെ സവിശേഷ ഗുണങ്ങളെ കുറിച്ചും വളര്‍ച്ചാ സ്വഭാവങ്ങളെക്കുറിച്ചും കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഠനം നടത്തി. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ തോട്ടവിള ഗവേഷണകേന്ദ്രം ലഭ്യമാക്കും.

ബേഡകം തെങ്ങിനത്തിന്റെ മാതൃ വൃക്ഷങ്ങള്‍ കണ്ടെത്തുന്നതിനും വിത്ത് തേങ്ങ സംഭരിച്ച് വികേന്ദ്രീകൃത കേര നഴ്സറികള്‍ പാലിക്കുന്നതിനുമുള്ള പരിശീലനവും പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസേനാംഗങ്ങള്‍ക്കും കേര കര്‍ഷക സൊസൈറ്റി പ്രതിനിധികള്‍ക്കും വേണ്ടി സി.പി.സി.ആര്‍.ഐ നടത്തും. ബേഡകം തെങ്ങിനം കണ്ടെത്തുന്നതിന് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ബേഡഡുക്ക പഞ്ചായത്തിലും കാസര്‍കോട് സി.പി.സി.ആര്‍.ഐയിലുമായി പരിശീലനം നല്‍കും.

ബേഡകം തെങ്ങിനം പ്രചരണ പദ്ധതിയുടെ ഭാഗമായി ബേഡഡുക്ക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം കാസര്‍കോട് സി.പി. സി.ആര്‍.ഐ ക്രോപ്പ് പ്രൊഡക്ഷന്‍ വിഭാഗം മേധാവി ഡോ. രവി ഭട്ട് ഉദ്ഘാടനം ചെയ്തു. ബോഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. സി. തമ്പാന്‍ പദ്ധതി വിശദീകരിച്ചു. കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി അംഗം അഡ്വ. സി രാമചന്ദ്രന്‍, ബേഡഡുക്ക കൃഷി ഓഫീസര്‍ എന്‍.എം പ്രവീണ്‍, കര്‍ഷക സംഘം പ്രസിഡന്റ് കെ. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എന്‍. ഭരതന്‍ സ്വാഗതവും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലത ഗോപി നന്ദിയും പറഞ്ഞു.