‘വിശപ്പു രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി താനൂര്‍ നഗരസഭയില്‍ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. താനൂര്‍ മുക്കോലയില്‍ പരിയാപുരം വില്ലേജ് ഓഫീസിനു സമീപത്തായാണ് അമ്മ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ നിര്‍വഹിച്ചു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ അധ്യക്ഷയായി. പൊതു ജനങ്ങള്‍ക്ക് ന്യായ വിലയില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ഹോട്ടലുകള്‍ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജനകീയ ഹോട്ടലുകളില്‍ നിന്ന് 20 രൂപയ്ക്കു ഉച്ചഭക്ഷണം ലഭ്യമാകും.

താനൂര്‍ നഗരസഭാ കുടുംബശ്രീക്ക് കീഴിലുള്ള അഞ്ച് വനിതാ സംരഭകര്‍ക്കാണ് അമ്മ ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ഹോട്ടല്‍ തുടങ്ങുന്ന സമയത്തു പ്രാരംഭ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കുടുംബശ്രീ മിഷന്‍ അമ്പതിനായിരം രൂപ റിവോള്‍വിങ് ഫണ്ട് നല്‍കുന്നുണ്ട്. നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനകീയ ഹോട്ടലിന് 1.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വര്‍ക്കിങ് ഗ്രാന്റ്, ഇലക്ട്രിസിറ്റി, വെള്ളം, വാടക എന്നിവക്കാണ് ഈ തുക വിനിയോഗിക്കുക.

സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.പി ഫാത്തിമ, അലി അക്ബര്‍, ജയപ്രകാശ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആരിഫ, കൗണ്‍സിലര്‍ ദിപീഷ്, സുബൈര്‍, ഷീന, കൃഷ്ണന്‍, നഗരസഭാ സെക്രട്ടറി ടി. മനോജ് കുമാര്‍, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ടി.ബി വിനു, കുടുംബശ്രീ അക്കൗണ്ടന്റ് സമീര്‍, എന്‍.യു.എല്‍.എം കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നാസിയ മോള്‍ എന്നിവര്‍ സംസാരിച്ചു.