ഇടുക്കി ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം മികവുറ്റതാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തങ്കമണി പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു

സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ മേഖലയിലും ജില്ലാ പോലീസ് സേന മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ജനകീയ പോലീസ് എന്ന രീതിയില്‍ ഉള്ള ജനമൈത്രി പ്രവര്‍ത്തനവും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വളര്‍ച്ചയിലും ജില്ലയിലെ പോലീസ് സേന അഭിനന്ദനമര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തങ്കമണി പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്‍മാണത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. യോഗത്തിന് എം.എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

2016 ല്‍ പ്രവര്‍ത്തനം ആരംഭിച്ച തങ്കമണി പോലീസ് സ്റ്റേഷന്‍ ഗ്രാമപഞ്ചായത്തിന്റെ പഴയ ഓഫീസിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കാമാക്ഷി ഗ്രാമപഞ്ചായത്ത് തങ്കമണിയില്‍ വിട്ടു നല്കിയ 30 സെന്റ് സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി 72 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് , കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് , കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോന്‍ വിഎ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.