സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍ണായക ഘട്ടം നവംബര്‍ 28ന്. പദ്ധതിയില്‍ ഉള്‍പ്പെടേണ്ടവരുടെ വാര്‍ഡ് തല പട്ടിക തയ്യാറാക്കുന്ന ഫോക്കസ് ഗ്രൂപ്പുകള്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന വാര്‍ഡുകളിലും അന്നേ ദിവസം യോഗം ചേരും. സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരുടെയും കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രതിനിധികളുടെയും പ്രത്യേകം ഫോക്കസ് ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് വാര്‍ഡ്- ഡിവിഷന്‍ തലങ്ങളില്‍ ആദ്യഘട്ട പട്ടിക തയ്യാറാക്കുക.

പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ട് വിഭാഗങ്ങളിലായി ഓരോ ഫോക്കസ് ഗ്രൂപ്പുകളും നഗരസഭാ വാര്‍ഡുകള്‍, കോര്‍പറേഷന്‍ ഡിവിഷനുകള്‍ എന്നിവയില്‍ ജനസംഖ്യാനുപാതികമായി രണ്ടോ അതിലധികമോ ഫോക്കസ് ഗ്രൂപ്പുകളുമുണ്ടാകും. ഓരോ ഗ്രൂപ്പിലും ഇരുപതോളം പ്രതിനിധികളാണുണ്ടാവുക.

ഇതുപ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളിലായി 65,000ത്തിലേറെ പേര്‍ അതിദരിദ്രരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കുന്നതിനായി ഒത്തുചേരും. വാര്‍ഡ് ജനപ്രതിനികള്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, നേരത്തേ പരിശീലനം പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്തിലായിരിക്കും യോഗം ചേരുക. ഇതുമായി ബന്ധപ്പെട്ട് നേരത്തേ സര്‍ക്കാര്‍ തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ യോഗം പ്രദേശത്തെ അതിദരിദ്രരെ കണ്ടെത്തും.

ഇതിനു മുന്നോടിയായി നവംബര്‍ 26ന് വാര്‍ഡ്തല സമിതികള്‍ ചേര്‍ന്ന് ആദ്യ പട്ടിക തയ്യാറാക്കും. ഫോക്കസ് ഗ്രൂപ്പുകള്‍ തയ്യാറാക്കുന്ന പ്രാഥമിക പട്ടികകള്‍ കൂടി ചേര്‍ത്ത് ഫീല്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തുന്നതിനാവശ്യമായ അന്തിമ പട്ടിക നവംബര്‍ 29ന് വാര്‍ഡ്- ഡിവിഷന്‍ തലത്തില്‍ തയ്യാറാക്കും. തദ്ദേശ സ്ഥാപനതല നോഡല്‍ ഓഫീസര്‍ പരിശോധിച്ച ശേഷം ഇതിനായി തയ്യാറാക്കിയ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) പോര്‍ട്ടലില്‍ എന്യൂമറേറ്റര്‍മാര്‍ പട്ടിക അപ്‌ലോഡ് ചെയ്യും.

ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡ് തലത്തില്‍ നേരത്തേ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥനുമടങ്ങുന്ന എന്യൂമറേഷന്‍ സംഘം വീടുകളില്‍ ചെന്ന് വിവര ശേഖരണം നടത്തുക. പട്ടികയിലുള്ളവര്‍ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനാണിത്. മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരണത്തോടൊപ്പം തുടര്‍ നടപടികള്‍ക്ക് സഹായകമാവുന്നതിനായി വീടിന്റെ ലൊക്കേഷനും രേഖപ്പെടുത്തും.

ഇതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ബ്ലോക്ക്, നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ വാര്‍ഡ് തല പട്ടികയില്‍ ഉള്‍പ്പെട്ട 20 ശതമാനം കുടുംബങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് സൂപ്പര്‍ ചെക്കിംഗിന് കൂടി വിധേയമാക്കും. വിവരശേഖണത്തില്‍ ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കുക.

ഇതിനായി എംഐഎസില്‍ നിന്ന് ലഭിക്കുന്ന കരട് പട്ടിക വാര്‍ഡ് തല സമിതിയില്‍ വീണ്ടും അവതരിപ്പിക്കുകയും നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും കൂടി ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനതല സമിതിക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യും. ഇവയ്ക്ക് ഭരണ സമിതി അംഗീകാരം നല്‍കുന്നതോടെയാണ് അന്തിമ പട്ടിക തയ്യാറാവുക. ഈ പട്ടികയ്ക്ക് വാര്‍ഡ്-ഗ്രാമ സഭകളും അംഗീകാരം നല്‍കണം. തുടര്‍ന്നാണ് ഓരോ കുടുംബത്തിനും സ്ഥിരമായ ഉപജീവന മാര്‍ഗം ലഭ്യമാക്കുന്നതിനുള്ള മൈക്രോ പ്ലാനുകള്‍ക്ക് രൂപം നല്‍കുക.